മൂവാറ്റുപുഴ: തരിശ് പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷിയിലൂടെ നൂറുമേനി വിളവെടുത്ത് യുവ കർഷകൻ. ഐ.ടി കമ്പനിയിലെ ജോലിത്തിരക്കിനിടയിലും മണ്ണിനെ പൊന്നാക്കുകയാണ് ആയവന ഉപ്പുവീട്ടുങ്കൽ ഷോൺ ജോഷി. ജൈവ വളം ഉപയോഗിച്ച് വിളയിച്ച തണ്ണിമത്തന് കാണാൻ നിരവധി പേരാണ് തോട്ടത്തിലേക്കെത്തുന്നത്. ആയവന കാലാമ്പൂർ പാലത്തിന് സമീപം തരിശായി കിടന്ന ഒന്നര ഏക്കർ പാടത്ത് മൂന്നുമാസം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. പൂർണമായും ജൈവ വളം ഉപയോഗിച്ചായിരുന്നു കൃഷി.
പൊള്ളാച്ചിയിൽ നിന്നും എത്തിച്ച കിരൺ ഇനത്തിലുളള വിത്താണ് ഉപയോഗിച്ചത്. ജലസേചനത്തിന് ഹൈടെക് രീതിയിലുള്ള ട്രിപ്പ് ഇറിഗേഷൻ സംവിധാനമാണ് ഉപയോഗിക്കുന്നത്. ആയവന കൃഷി ഭവന്റെ സഹായവും ഗുണകരമായി. താൻ ചെയ്ത കൃഷിയിൽ നൂറ് മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് ഷോൺ. തണ്ണിമത്തനുപുറമേ പച്ചക്കറി കൃഷിയും പൈനാപ്പിൾ കൃഷിയും ചെയ്തുവരുന്നുണ്ട്. തണ്ണിമത്തൻ കൃഷി വിളവെടുത്തശേഷം ഷമാം കൃഷി ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് ഷോൺ.