ഫോർട്ടുകൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട മത്സ്യ ബന്ധന ബോട്ട് മുങ്ങിത്താഴ്ന്നു. അഞ്ചു തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് കണ്ണമാലി തീരത്തിന് പടിഞ്ഞാറാണ് സാന്റ മരിയ എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്.
മത്സ്യ ബന്ധനത്തിനിടെ ബോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ബോട്ട് മുങ്ങി താഴുകയായിരുന്നു. വിവരം ലഭിച്ചെത്തിയ മറൈൻ എൻഫോസ്മെന്റ് തൊഴിലാളികളെ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. ബോട്ട് പുർണ്ണമായും മുങ്ങിത്താഴ്ന്നു. കൊച്ചി സ്വദേശി സാൻ ജോസിന്റേതാണ് ബോട്ട്. പുതുവൈപ്പ് സ്വദേശികളായ ആൽബിൻ (65), ആന്റണി (71) കുടുങ്ങാശ്ശേരി, ആന്ധ്ര സ്വദേശി അപ്പൻ രാജ് (53), പശ്ചിമ ബംഗാൾ സ്വദേശി ഗോപാൽ (54) തെക്കൻ മാലിപ്പുറം സ്വദേശി നസീർ ( 50 ) എന്നിവരാണ് ബോട്ടിലുണ്ടായത്.
രക്ഷപ്പെടുത്തിയവരെ വൈപ്പിനിലെത്തിച്ച് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് എറണാകുളം ജനറൽ ആശുപത്രയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.