വൈപ്പിൻ: വളപ്പ് കടലോരത്ത് വീണ്ടും ദേശാടനപ്പക്ഷികളെത്തി. പിന് ടെയില്‍ഡ് സ്നൈപ് എന്നറിയപ്പെടുന്ന മുള്‍വാലന്‍ ചുണ്ടന്‍കാടയും കോമണ്‍ ഹൂപ്പേയെന്ന ഉപ്പൂപ്പനുമാണ് ഇക്കുറി ആദ്യമെത്തിയവരില്‍ പ്രമുഖര്‍.
കൂടാതെ പുതുവൈപ്പ് കടലോര മേഖലയില്‍ പെയിന്റഡ് സ്റ്റോര്ക്കെന്ന മുപ്പതോളം വര്‍ണക്കൊക്കുകളും എത്തിയിട്ടുണ്ട്. ദേശാടനപ്പക്ഷികളുടെ ഗണത്തിൽപെട്ട മുള്‍വാലന്‍ ചുണ്ടന്‍കാട രണ്ടാഴ്ച മുമ്പും ഉപ്പൂപ്പന് കഴിഞ്ഞാഴ്ചയുമാണ് വിരുന്നെത്തിയത്. രണ്ടിനത്തിലുംപെട്ട ഓരോ പക്ഷികളെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
ഓറഞ്ച് നിറത്തിലുള്ള തൂവല്‍കൊണ്ടുള്ള കിരീടമാണ് ഉപ്പൂപ്പന്റെ പ്രത്യേകത. പുയ്യാപ്ലക്കിളിയെന്നും ഇതിന് പേരുണ്ട്. സമൂഹമാധ്യമങ്ങളിലും പക്ഷിനിരീക്ഷകരുടെ ചര്‍ച്ചകളിലും മാത്രം കേട്ടിട്ടുള്ള ഉപ്പൂപ്പന്റെ മണല്‍ക്കുളി (സാന്‍ഡ് ബാത്ത്) ചിത്രം പകര്‍ത്താനായതിന്റെ സന്തോഷത്തിലാണ് വന്യജീവി ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ ടി.എസ്. ശരത്.
മുള്‍വാലന്‍ ചുണ്ടന്കാടയെ അതിരാവിലെയാണ കാണാനാവുക. ചെറിയൊരു ശബ്ദം കേട്ടാല്‍ പുല്ലിനടിയില്‍ ഒളിക്കും. തറയില്‍ പെട്ടെന്നു കണ്ടുപിടിക്കാനാകാത്ത തരത്തിലാണ് കൂടുകള്‍ ഉണ്ടാക്കുന്നത്. പ്രാണികളും മണ്ണിരകളും ചെടികളുടെ ഭാഗങ്ങളുമൊക്കെ കഴിക്കാറുണ്ട്. നീണ്ടചുണ്ടാണ് ഇതിന്റെ പ്രത്യേകത.
ബീച്ച് സന്ദര്‍ശിക്കുന്നവർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ആവാസവ്യവസ്ഥയെ താറുമാറാക്കുന്നുണ്ടെന്നും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ടെന്നും പക്ഷിനിരീക്ഷകർ പറയുന്നു.