പെരുമ്പാവൂര്‍: ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തില്‍ രൂപപ്പെട്ട കഴികള്‍ അപകട ഭീഷണിയായി. പെരുമ്പാവൂരില്‍ നിന്ന് ആലുവക്ക് പോകുന്ന പുതിയ പാലത്തില്‍ രണ്ടിടത്താണ് ടാറിളകി നീളത്തില്‍ വിള്ളലുള്ളത്. ഇതില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടുന്നത് പതിവാണ്.
അപകടങ്ങളില്‍ നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. നിര്‍മാണ ശേഷം പലപ്പോഴും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തിയാണ് അപാകത പരിഹരിച്ചിരുന്നത്. വലിയ വാഹനങ്ങള്‍ പോകുന്നതുകൊണ്ടുള്ള ഇളക്കം മൂലമാണ് വിള്ളലുണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍.
എന്നാല്‍, നിര്‍മാണത്തിലെ അപാകതയാണ് കാരണമെന്നാണ് ആരോപണം. 2019ല്‍ കോണ്‍ക്രീറ്റ് ഇളകി കമ്പിയെല്ലാം പുറത്തായ സ്ഥിതിയിലായിരുന്നു. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപണികള്‍ നടത്തി. 2005ലാണ് പുതിയ പാലം നിര്‍മിച്ചത്. റോഡിന്റെ ഇരുവശത്തുമായി രണ്ട് പാലങ്ങളാണുള്ളത്. ഇതില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പഴയ പാലത്തിന് കേടില്ല. വാഹന പെരുപ്പം കൂടിയതനുസരിച്ച് പഴയ പാലത്തിന് വേണ്ടത്ര വീതിയില്ലായിരുന്നു.
കാലപ്പഴക്കമുള്ളതിനാല്‍ സുരക്ഷതത്വമില്ലെന്ന് അവകാശപ്പെട്ടാണ് പുതിയത് നര്‍മിച്ചത്. ദിനംപ്രതി കണ്ടയ്നര്‍ ലോറികളും ബസുകളും ഉള്‍പ്പടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. പാലത്തിന്റെ അടിഭാഗത്തെ പണിയിലുണ്ടായ അപാകതയാണ് മുകളിലെ വിള്ളലിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പണിയില്‍ അപകാതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുമ്പ് റോഡ് ആന്റ് ബ്രിഡ്ജ് വിഭാഗവും വിദഗ്ധരും പരിശോധിച്ചിരുന്നു.