ആലുവ: വ്യാപാരമേള നടത്തിപ്പിനുള്ള നഗരസഭയുടെ കരാറിൽ കോടതി ഇടപെട്ടതോടെ ശിവരാത്രി വ്യാപാരമേള അനിശ്ചിതത്വത്തിലായി. മണപ്പുറത്ത് വ്യാപാരമേളയും അമ്യൂസ്മന്റ് പാർക്കും നടത്താനുള്ള കരാറിന്റെ ഇ -ടെൻഡർ നടപടികളിൽ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കാനാണ് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്.
അന്വേഷണ ഉത്തരവിന് പുറമെ ഇ- ടെൻഡറിൽ കൂടിയ തുക ക്വോട്ട് ചെയ്ത ഷാസ് എന്റർടെയ്ൻമെന്റ് കമ്പനിക്ക് കരാർ നൽകാനും നിർദേശിച്ചു. ഇവരെ മറികടന്ന് ഫൺ വേൾഡിന് കരാർ നൽകിയത് റദ്ദാക്കിയാണ് കോടതി നിർദേശം. ശിവരാത്രിക്ക് മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്.
കരാർ ലഭിച്ചിരുന്ന ഫൺ വേൾഡ് വ്യാപാര മേളക്കുള്ള ഒരുക്കം മണപ്പുറത്ത് ആരംഭിച്ചിരുന്നു. ഇതിനിടയിലുണ്ടായ കോടതി വിധി നഗരസഭക്കും വ്യാപാരമേളക്കും തിരിച്ചടിയായി. ഒരു കോടി 16 ലക്ഷം രൂപക്കാണ് ഷാ എന്റർടെയ്ൻമെന്റ്സ് കരാറെടുത്തത്. രണ്ട് തവണയായി 51.8 ലക്ഷം രൂപ നൽകുകയും ബാക്കിയടക്കാൻ നഗരസഭ നാലു ദിവസം കൂടി സമയം അനുവദിക്കുകയും ചെയ്തു.
സമയപരിധിക്കുള്ളിൽ ഷാ എന്റർടെയ്ൻമെന്റ് ചെക്ക് നൽകിയെങ്കിലും ബാങ്കിൽ പണമില്ലാത്തതിന്റെ പേരിൽ നഗരസഭ ഉടമക്ക് ടെർമിനേഷൻ ലെറ്റർ നൽകി. കഴിഞ്ഞ വർഷം 63 ലക്ഷം രൂപക്ക് കരാറെടുത്ത ഫൺ വേൾഡ് ഇക്കുറി 47 ലക്ഷം മാത്രമാണ് തുക കാണിച്ചിരുന്നത്. പിന്നീട് നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയിൽ തുക 77 ലക്ഷമായി വർധിപ്പിക്കുകയായിരുന്നു. എന്നാൽ, പോലും ഷാ ഗ്രൂപ്പിന് കരാർ നൽകാതിരുന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് ഭരണസമിതി നഗരസഭക്ക് വരുത്തിവെക്കാൻ ശ്രമിച്ചത്. പ്രധാന പ്രതിപക്ഷമായ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ ബി.ജെ.പിയുടെ സഹായത്തോടെ മറികടന്നാണ് കോൺഗ്രസ് ഭരണസമിതി നിയമ വിരുദ്ധ നടപടിയെടുത്തത്.