പറവൂർ: സംഘം ചേർന്ന് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കര കൂട്ടുകാട് പുളിക്കൽ വീട്ടിൽ ചാൾസ് (32), പുളിക്കൽ വീട്ടിൽ കൈറ്റപ്പൻ (ക്ലമന്റ് -60), വടക്കുംപുറം മേപ്പറമ്പിൽ അർഷാദ് (ആഷിക് -24) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ബന്ധുവിനെ ഉപദ്രവിച്ചതിലുള്ള വൈരാഗ്യത്തിൽ കൂട്ടുകാടുള്ള യുവാവിനെയാണ് വധിക്കാൻ ശ്രമിച്ചത്.
ഒന്നാം പ്രതി ചാൾസ് കാറിൽ സഞ്ചരിക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലിജോ ഫിലിപ് കിലോമീറ്ററുകളോളം തനിയെ പിന്തുടർന്ന് തൈക്കൂടം പാലത്തിനുസമീപം ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് മറ്റുള്ളവരും അറസ്റ്റിലായി. മറ്റ് പ്രതികളായ മിനൽ, ഗോപകുമാർ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജ്, എസ്.ഐ അഭിലാഷ്, എസ്.സി.പി.ഒ ലിജോ ഫിലിപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.