കൊച്ചി: എറണാകുളം നോർത്തിലുള്ള മാരിയമ്മൻകോവിലിൽ 16ന് നടന്ന മോഷണത്തിലെ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി സുജിൽ (21), തമിഴ്നാട് സ്വദേശി അളകപ്പൻ (50) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സി.സി ടി.വി ഡി.വി.ആർ, മൊബൈൽഫോൺ എന്നിവ പ്രതികളിൽനിന്ന് കണ്ടെടുത്തു.
ക്ഷേത്രത്തിന് സമീപത്തെ സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അളകപ്പനെയും സുജിലിനെയും സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടികൂടി. സമീപകാലങ്ങളിൽ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.