കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 40 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം നടത്തിയ 40 പേരെ പിടികൂടിയത്.
കാക്കനാട് ഗേൾസ് ചിൽഡ്രസ് ഹോമിന് മുന്നിലെ മീഡിയൻ അവസാനിക്കുന്ന ഭാഗത്തുനിന്നും നിയമ വിരുദ്ധമായി വലത്തോട്ട് തിരിഞ്ഞ് കലക്ടറേറ്റ് റോഡിലേക്ക് പ്രവേശിച്ചവരാണ് പിടിയിലായത്. പിടിയിലായവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും പിടികൂടിയവയിൽപെടും.
കലക്ടറേറ്റ് സിഗ്നൽ ഒഴിവാക്കി കാക്കനാട് ഭാഗത്തേക്ക് എളുപ്പത്തിലെത്താനാണ് ഡൈവർമാർ ഇതുവഴി പോകുന്നത്. നിയമ വിരുദ്ധമായി റോഡ് മുറിച്ചുകടന്ന് പായുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് ഇവിടെപതിവാണ്.