കോതമംഗലം: വല്യുമ്മ മടങ്ങിയ മണ്ണിലേക്ക് മുസ്കനും മടങ്ങി. രണ്ടാനമ്മയുടെ ക്രൂരതക്കിരയായി മരിച്ച മുസ്കന്റെ മൃതദേഹം പിതാവ് അജാസ് ഖാന്റെ മാതാവിനെ അടക്കം ചെയ്ത നെല്ലിക്കുഴി നെല്ലിക്കുന്നത്ത് മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നൂറുകണക്കിന് ആളുകളാണ് പള്ളിയിൽ കുഞ്ഞ് മുസ്കന്‍ യാത്രാമൊഴി നൽകാനെത്തിയത്.
30 വർഷം മുമ്പ് നെല്ലിക്കുഴിയിൽ ഫർണിച്ചർ നിർമാണ മേഖലയിൽ തൊഴിലാളിയായി എത്തിയതാണ് അജാസ് ഖാന്റെ കുടുംബം. മൂന്നു വർഷം മുമ്പാണ് അജാസ് ഖാന്റെ മാതാവ് മരിച്ചത്. ഏഴു വർഷമായി കുറ്റിലഞ്ഞി പുതുപ്പാലത്ത് സ്വന്തമായി വീട് വാങ്ങി താമസിച്ചുവരികയായിരുന്നു ഇയാൾ.
ആദ്യഭാര്യ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് യു.പിയിലേക്ക് മടങ്ങിയ അജാസ് നിലവിലെ ഭാര്യ അനിഷയും കുട്ടികളുമായി മടങ്ങി വന്നിട്ട് അഞ്ചു മാസമേ ആയുള്ളൂ. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ ചലനമറ്റ നിലയിൽ കിടപ്പുമുറിയിൽ കണ്ടത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ടാനമ്മ അനീഷയെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലായിരുന്ന അജാസ് ഖാനെ വിട്ടയക്കുകയും ചെയ്തു.
ശനിയാഴ്ച്ച രാവിലെ ഒമ്പതോടെ യു.പി സ്വദേശികൾക്കൊപ്പം കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. പീസ് വാലിയിലെത്തിച്ച് മൃതദേഹം കുളിപ്പിച്ചശേഷം ഖബറടക്കി.
+ There are no comments
Add yours