‘ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എൽദോസിനോട് ചെയ്തു’ -നെഞ്ചുപൊട്ടി പ്രദേശവാസികൾ

കോതമംഗലം: ‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടും’ –കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാൾ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളിൽ പലയാവർത്തി ചോദിച്ച ചോദ്യമാണ് അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്.

സ്ഥിരമായി ആളുകൾ നടന്നുപോകുന്ന വഴിയിൽ വച്ചാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. പഞ്ചായത്തുറോഡാണ്. ഇവിടെ വഴിവിളക്കുകളില്ല. അറുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഒരു മനുഷ്യശരീരത്തോട് ചെയ്യാനാകുന്നതെല്ലാം ആന എൽദോസിന്റെ ശരീരത്തോട് ചെയ്തുകഴിഞ്ഞുവെന്ന് നെഞ്ചുപൊട്ടി പറയുന്ന നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്തുനിന്നെടുക്കാൻ പോലും അനുവദിക്കാതെ പ്രതിഷേധിക്കുന്നതും അതുകൊണ്ടാണ്. ഞങ്ങൾക്കിതിന് പരിഹാരം വേണമെന്ന് അവർ ആവർത്തിക്കുന്നു.

കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും കുരങ്ങുമെല്ലാം കാർഷികവിളകൾ പാടെ നശിപ്പിക്കും. ഈ പ‍ഞ്ചായത്തുകളിലെ റോഡുകളിലെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്നു. രാത്രി വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ജീവനോപാധികൾ അടഞ്ഞ മലയോര ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്.

കുട്ടമ്പുഴ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വന്യമൃഗശല്യം രൂക്ഷമാണെന്ന് പഞ്ചായത്തംഗം പി.സി. ജോഷി പറയുന്നു. ‘ഇക്കാര്യം പലതവണയായി വനംവകുപ്പിനെ അറിയിച്ചതാണ്. എല്ലാ വാർഡുകളിലും ജനങ്ങൾ ഭയന്നാണ് ജീവിക്കുന്നത്. ഇതിനുമുൻപും ആളുകൾ വന്യമൃഗ ആക്രമണത്തിൽ മരിച്ചിരുന്നു. പഞ്ചായത്തിന് പരിമിതികളുണ്ട്. കിടങ്ങെങ്കിലും ഉണ്ടാക്കി തരണം. ക്‌ണാച്ചേരി പട്ടയമുള്ള സ്ഥലമാണ്. ഇവിടെ പോലും ജനങ്ങൾക്ക് താമസിക്കാൻ സാധിക്കുന്നില്ലെന്ന് ഓർക്കണം. ഫെൻസിങ് കാടുപിടിച്ച നിലയിലാണ്’’ – ജോഷി പറയുന്നു.

അതേസമയം, സംഭവത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. മുതിർന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയം ഗൗരവത്തിലെടുക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, നാട്ടുകാരുടെ പ്രതിഷേധം ന്യായമാണെന്നും കൂട്ടിച്ചേർത്തു. ഫെൻസിങ് ഉൾപ്പെടെ എന്തുകൊണ്ട് വൈകിയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യജീവന് വിലകൽപിക്കാത്ത നടപടിയാണ് വനംവകുപ്പിന്റേതെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു.

ജില്ലാ കലക്ടർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ, എൽദോസിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. മൃതദേഹത്തിന് മുന്നിൽനിന്ന് ഇന്നലെ അർധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് കൈകൂപ്പി ജനങ്ങളോട് അഭ്യർഥിച്ചതോടെയാണ് ആറുമണിക്കൂറോളം പ്രതിഷേധച്ചൂടിൽ തിളച്ചുനിന്ന മനുഷ്യർ അയഞ്ഞത്.

മരിച്ച എൽദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി രാത്രി തന്നെ 10 ലക്ഷം രൂപയുടെ ചെക്ക് കലക്ടർ കൈമാറി. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അഞ്ച് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ഇന്ന് തന്നെ ആനമതിൽ നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. കലക്ടറുടെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികളുടെ അവലോകന യോഗം 27ന് കലക്ടറുടെ നേതൃത്വത്തിൽ നടക്കും.

You May Also Like

More From Author

+ There are no comments

Add yours