മരട്: സ്കൂട്ടറിടിച്ച് ടയർ പൊട്ടിയ കാറിലെ യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി 9.30 ഓടെ കുണ്ടന്നൂർ വാട്ടർ ടാങ്കിന് സമീപം മരട്- പേട്ട റോഡിൽ കാറിൽ സ്കൂട്ടർ ഇടിച്ച് കാറിന്റെ മുന്നിലെ ടയർ പൊട്ടുകയായിരുന്നു. അപകടം കണ്ട് സഹായിക്കാൻ ചെന്ന നെട്ടൂർ വേലംപറമ്പിൽ വീട്ടിൽ വി.ജിബിജു (46)വിനെയാണ് സ്കൂട്ടർ യാത്രക്കാർ ആക്രമിച്ചത്.
കാർ യാത്രക്കാരെ സഹായിക്കാൻ താനാരാണെന്ന് ചോദിച്ച് ചെന്ന പ്രതികൾ ബിജുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നെഞ്ചിൽ ഇടിക്കുകയും കൈയിലിരുന്ന ബാഗ് കൊണ്ട് അടിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ബിജുവിന്റെ ചുണ്ട് മുറിയുകയും മൊബൈൽഫോണും ഹെഡ് സെറ്റും നശിക്കുകയും ചെയ്തു. പരിക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സ തേടി. മരട് പൊലീസ് ചാർജ് ചെയ്ത കേസിൽ മരട് സ്വദേശി സന്തോഷ് ഒന്നാം പ്രതിയായും സ്കൂട്ടർ ഉടമ ആഷ്ലി രണ്ടാം പ്രതിയുമാണ്. സന്തോഷ് പൊലീസ് കസ്റ്റഡിയിലുണ്ട്.