മൂവാറ്റുപുഴ: കാത്തിരിപ്പിനൊടുവിൽ പോയാലിമല വിനോദസഞ്ചാര പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പച്ചക്കൊടി. പോയാലി പദ്ധതിയുടെ ഡി.പി.ആറിന് കഴിഞ്ഞ ദിവസമാണ് ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിൽനിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് ഒന്നരവർഷം പിന്നിട്ടിട്ടും പദ്ധതിക്ക് അംഗീകാരം ലഭിച്ചിെല്ലന്ന ആക്ഷേപം നിലനിൽെക്കയാണ് കഴിഞ്ഞദിവസം പദ്ധതിയുടെ ഡി.പി.ആർ (വിശദ പദ്ധതി രേഖ) അംഗീകരിച്ചത്. 99 ലക്ഷം രൂപയാണ് പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്.
ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, കൈവരികൾ എന്നിവ നിർമിക്കാനാണ് തുക അനുവദിച്ചത്. പോയാലിമലയിലേക്കുള്ള റോഡ്, ശുദ്ധജല പദ്ധതി, വഴിവിളക്കുകൾ എന്നിവ ഒരുക്കാനുള്ള തുക പഞ്ചായത്ത് കണ്ടെത്തും. കാലതാമസം കൂടാതെ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് പായിപ്ര പഞ്ചായത്ത്. നൂറുകണക്കിനാളുകൾ എത്തുന്ന പായിപ്ര പഞ്ചായത്തിലെ പോയാലിമല കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചിട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടു.
സമുദ്രനിരപ്പിൽനിന്ന് 600 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോയാലിമലയിലേക്ക് എത്താൻ കഴിയുന്ന റോഡ് നിർമാണം, റോപ് വേ, മലമുകളിലെ വ്യൂ പോയന്റുകളിൽ കാഴ്ച സൗകര്യങ്ങൾ ഒരുക്കുക, വിശ്രമകേന്ദ്രങ്ങൾ നിർമിക്കുക, മലമുകളിലെ അത്ഭുത കിണറും കാൽപാദവും വെള്ളച്ചാട്ടവും കൽചിറകളും സംരക്ഷിക്കുക, ഉദ്യാനങ്ങൾ നിർമിക്കുക എന്നിവയാണ് വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന പോയാലിമലയിലെ റവന്യൂ, പാറ പുറമ്പോക്ക് ഭൂമിയായ 12 ഏക്കർ 94 സെന്റ് സ്ഥലത്തുനിന്ന് 50 സെന്റ് സ്ഥലമാണ് പദ്ധതിക്കായി വിട്ടുനൽകിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയത്.