ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. മുപ്പത്തടം പൊന്നാരം കവലയിൽ കപ്പിത്താൻ പറമ്പിൽ വി.ജി. ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 ഓടെ കിഴക്കെ കടുങ്ങല്ലൂർ പുന്നേലിക്കടവിലായിരുന്നു സംഭവം.
ആലുവയിലെ ടർഫ് കോർട്ടിൽ ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാർഥികൾ ഒച്ചവെച്ചതോടെ പ്രദേശവാസികൾ സ്ഥലത്ത് എത്തുകയും ആലുവ അഗ്നിരക്ഷാ സേനയെയും ഉളിയന്നൂർ സ്കൂബ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ധരായ സുധീർ ബുഹാരി, അൻസാരി, നിയാസ് കപ്പൂരി, നൗഷാദ്, റഷീദ്, നൗഫൽ, ഷമീർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈഷ്ണവിനെ മുങ്ങിയെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കടവിനു സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കിട്ടിയത്. ബിനാനിപുരം പൊലീസും സ്ഥലത്തെത്തി. മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ.