പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം നവംബര്‍ പകുതിയോടെ ആരംഭിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന തായ്ക്കര ഭാഗത്തെ തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് നിർമിച്ചിട്ടുള്ളത്.
അതില്‍ പഴയ പാലത്തിന്റെ സ്പാന്‍ 7.70 മീറ്ററും വീതി 7.60 മീറ്ററുമാണ്. പഴയ പാലം പുനര്‍നിര്‍മിക്കുന്നതിനായി 2023 നവംബര്‍ 28ന് 200 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി 182.64 ലക്ഷത്തിന് ഈ മാസം കരാറായതിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തെ കാലാവധിയോടെ കരാര്‍ ഒപ്പുവെച്ചു. 13.2 മീറ്റര്‍ നീളത്തിലും 10.35 മീറ്റര്‍ വീതിയിലുമുള്ള പാലമാണ് കെ.എസ്.ടി.പി പണികഴിപ്പിച്ച പുതിയ പാലത്തോട് ചേര്‍ത്ത് നിര്‍മിക്കുന്നത്. ഇരുവശത്തെയും 30 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും പുനര്‍നിര്‍മിക്കുന്നതിന് ആലോചയുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.
എം.സി റോഡ് വികസനത്തെ തുടര്‍ന്ന് കെ.എസ്.ടി.പി 20 കൊല്ലം മുമ്പാണ് വലിയതോടിന് കുറുകെ നിലവിലുണ്ടായിരുന്ന പഴയ പാലത്തോട് ചേര്‍ന്ന് പുതിയ പാലം കൂടി നിര്‍മിച്ചത്. എന്നാല്‍, ഇരുപാലങ്ങളും തമ്മില്‍ നാല് അടിയിലേറെ വിടവും രണ്ട് അടി ഉയര വ്യത്യാസവുമുണ്ട്. ഇത് ഗതാഗതത്തെ സാരമായി ബാധിക്കുകയാണ്.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി അളന്നുതിട്ടപ്പെടുത്തുവാന് രായമംഗലം വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ എം.സി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റു റോഡുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. നിലവിലുളള പുതിയ പാലത്തിലൂടെ പെരുമ്പാവൂരില്‍നിന്ന് മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം സാധാരണ നിലയില്‍ തുറന്നുകൊടുക്കും. മൂവാറ്റുപുഴയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍ ജങ്ഷനില്‍നിന്ന് പോഞ്ഞാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കര്ത്താവുംപടിയില് എത്തി വലത്തോട്ട് വീണ്ടും പുല്ലുവഴിയിലേക്ക് യാത്ര തുടരാം.
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. അജയകുമാര്‍, ജില്ല പഞ്ചായത്തംഗം ഷൈമി വര്‍ഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അംബിക മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
തുണയായത് പരിസ്ഥിതി സംരക്ഷണ കര്‍മസമിതിയുടെ ഇടപെടല്‍
പെരുമ്പാവൂര്‍: 2019ല്‍ മനുഷ്യാവകാശ കമീഷനിലും തുടര്‍ന്ന് ഹൈകോടതിയിലും പരിസ്ഥിതി സംരക്ഷണ കര്‍മസമിതി നല്കിയ ഹരജിയെ തുടര്‍ന്നാണ് അപകടക്കെണിയായി മാറിയ പുല്ലുവഴി ഡബിള്‍ പാലത്തിന്റെ പുനര്‍നിര്‍മാണം യഥാര്‍ഥ്യമായതെന്ന് ചെയര്മാന് വര്‍ഗീസ് പുല്ലുവഴി അറിയിച്ചു.
പകരം സംവിധാനമൊരുക്കാതെ പൊളിക്കരുത്
പെരുമ്പാവൂര്‍: എം.സി റോഡിലെ പുല്ലുവഴി ഡബിള്‍ പാലം പകരം സംവിധാനമൊരുക്കാതെ പൊളിക്കരുതെന്നും നവീകരിക്കുന്നതിന്ന് മുമ്പായി ഓള്‍ഡ് മൂവാറ്റുപുഴ റോഡ് നെല്ലിമോളം ജങ്ഷന് വരെയുള്ള ഭാഗവും കീഴില്ലം-കുറിച്ചിലക്കോട് റോഡില്‍ നെല്ലിമോളം മുതല്‍ കീഴില്ലം ഷാപ്പുംപടി വരെയും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ഐ.എന്‍.ടി.യു.സി രായമംഗലം മണ്ഡലം പ്രസിഡന്റ് കെ.വി. എല്‍ദോ ആവശ്യപ്പെട്ടു.