കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ഷോപ്പുകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും നിരോധിത പുകയില, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. കാക്കനാട് ജങ്ഷനിലെ ഹോട്ടൽ പാരഡൈസ്, മീഡിയ അക്കാദമിക്ക് സമീപത്തെ പാർക്ക് റെസിഡൻസി ബാർ ഹോട്ടൽ എന്നിവിടങ്ങളിൽനിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭ അങ്കണത്തിൽ എത്തിച്ചു. ഹോട്ടലിന്റെ പേരടക്കം ഇവ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തശേഷം കുഴിച്ചുമൂടി. രണ്ട് ഹോട്ടലുകൾക്കും നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ ഷോപ്പിനും ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.
100 കിലോ പ്ലാസ്റ്റിക് കവറുകളും പിടികൂടി. ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സിജു, മധുകുമാർ, അബ്ദുൽ സത്താർ, എസ്. സബീന, എസ്.ജെ. ഷംല, ജെന്നി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന കർക്കശമാക്കുമെന്നും ആരോഗ്യ വിഭാഗം സ്ഥിരംസമിതി ചെയർമാൻ ഉണ്ണി കാക്കനാട് അറിയിച്ചു.