കോതമംഗലം: തൊട്ടിയാർ ചെറുകിട ജലവൈദ്യുതി പദ്ധതി തിങ്കളാഴ്ച കമീഷൻ ചെയ്യും. ദേവിയാറിലെ വെള്ളം ഉപയോഗിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രഖ്യാപിച്ച് 15 വർഷത്തിനുശേഷമാണ് ഉദ്ഘാടനം. തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലയിൽ ദേവിയാറിന്റെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാർ പദ്ധതി പ്രദേശത്ത് തടയണ നിർമിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയിൽ നിർമിച്ച നിലയത്തിൽ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉൽപാദനം നടത്തുക. ഉൽപാദനശേഷം വെള്ളം പെരിയാറിലേക്ക് തന്നെയാണ് ഒഴുക്കിവിടുക. ലോവർ പെരിയാർ പദ്ധതിയുടെ പഴയ ലൈനിലേക്ക് ബന്ധിപ്പിച്ച് ചാലക്കുടി സബ്സ്റ്റേഷൻ വഴിയാണ് വൈദ്യുതി വിതരണം നടത്തുക. 2009ൽ 207 കോടിക്കാണ് പദ്ധതിയുടെ കരാർ നടപടി പൂർത്തീകരിച്ചത്. എന്നാൽ, നിർമാണം പാതിവഴിയിൽ എത്തുന്നതിനുമുമ്പ് കരാർ റദ്ദാക്കി. തുടർന്ന്, 2018ൽ എസ്റ്റിമേറ്റ് പുതുക്കി 280 കോടിക്ക് വീണ്ടും കരാർ നൽകി നിർമാണം പൂർത്തീകരിച്ചാണ് പദ്ധതി കമീഷനിങ്ങിന് ഒരുങ്ങിയത്. തൊട്ടിയാർ മുതൽ പത്താം മൈലിനുസമീപം വരെ പുഴയുടെ ഇരുകരയിലുമായി 10 ഹെക്ടറോളം ഭൂമി പദ്ധതിക്കായി വൈദ്യുതി വകുപ്പ് ഏറ്റെടുത്തു. ഇതോടൊപ്പം വനം, റവന്യൂ വകുപ്പുകളിൽനിന്ന് ആവശ്യമായ ഭൂമിയും ലഭിച്ചു.
ദേവിയാറിന് കുറുകെ 222 മീറ്റർ നീളത്തിലും 7.5 മീറ്റർ ഉയരവുമുള്ള തടയണ നിർമിച്ചിട്ടുണ്ട്. 60 മീറ്റർ നീളമുള്ള കനാൽ വഴി ജലം തിരിച്ചുവിട്ട് കുതിരകുത്തി മലയിലെ 2.60 മീറ്റർ വ്യാസവും 199 മീറ്റർ നീളവുമുള്ള തുരങ്കത്തിൽ എത്തിക്കുകയും അവിടെനിന്ന് 1252 മീറ്റർ നീളമുള്ള പെൻസ്റ്റോക് (പൈപ്പ്) വഴി പെരിയാർ നദിയുടെ വലതുകരയിലെ വൈദ്യുതിനിലയത്തിൽ എത്തിച്ചാണ് വൈദ്യുതോൽപാദനം നടത്തുക. ഉൽപാദനശേഷമുള്ള ജലം പെരിയാറിലേക്കുതന്നെ ഒഴുക്കിവിടും. പെരിയാർ നദിക്ക് കുറുകെ നീണ്ടപാറക്ക് സമീപത്തായി ഉൽപാദന കേന്ദ്രത്തിലേക്ക് 110 മീറ്റർ നീളമുള്ള പാലവും നിർമിച്ചിട്ടുണ്ട്. 10, 30 മെഗാവാട്ട് വീതം ശേഷിയുള്ള ഓരോ ജനറേറ്ററുകൾ ഉൾപ്പെടുന്ന ഈ പദ്ധതിയുടെ സ്ഥാപിതശേഷി 40 മെഗാവാട്ടും വാർഷികോൽപാദനം 99 ദശലക്ഷം യൂനിറ്റുമാണ്. മഴക്കാലത്ത് ദേവിയാറിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാഴാകാതെ പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. വേനൽക്കാലത്ത് പുഴയിൽ ആവശ്യത്തിന് വെള്ളം ലഭിക്കില്ല എന്നതിനാൽ വൈദ്യുതി ഉൽപാദനം നടക്കില്ല.