പെരുമ്പാവൂര്‍: കുറിച്ചിലക്കോട്-കുറുപ്പുംപടി റോഡില്‍ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം ഒഴിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് കുറിച്ചിലക്കോട് സെന്റ് ആന്റണീസ് ദേവാലയാങ്കണത്തില്‍ ചേര്‍ന്ന കുറിച്ചിലക്കോട് ജങ്ഷന് നവീകരണ സമിതി യോഗത്തില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അറിയിച്ചു.
തുടരെയുണ്ടാകുന്ന അപകടങ്ങളെത്തുടര്‍ന്നാണ് ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ജങ്ഷന് വിപുലീകരണത്തിന് കര്‍മസമിതി രൂപവത്കരിച്ചത്. കീഴില്ലത്ത് തുടങ്ങി കുറിച്ചിലക്കോട് അവസാനിക്കുന്ന പഴയ രാജപാതക്ക് 12 മീ. വീതിയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. 1982 മീ. എട്ട് മീ. വീതിയില്‍ പി.ഡബ്ല്യു.ഡി പുനര്‍നിര്‍മിച്ചെങ്കിലും പലഭാഗങ്ങളിലും ഏഴുമുതല്‍ 12 മീ. വരെ വീതിയാണുള്ളത്. റോഡിന്റെ ഇരുവശങ്ങളിലെയും പുറമ്പോക്ക് കണ്ടെത്തി ഒഴിപ്പിക്കണമെന്ന് യോഗത്തില്‍ പൊതുവായി ഉയര്‍ന്ന ആവശ്യത്തെതുടര്‍ന്ന് എം.എല്‍.എ തഹസില്‍ദാറെയും കലക്ടറെയും ബന്ധപ്പെട്ട് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ നിർദേശം നല്കി. റോഡ് വീതികൂട്ടിയശേഷം കാന സ്ലാബിട്ട് മൂടി സ്റ്റീല്‍ ഹാന്‍ഡ്റെയില്‍ സ്ഥാപിച്ച് ഭംഗിയാക്കും. ആധുനിക രീതിയിലുള്ള മികച്ച ബസ് കാത്തിരിപ്പുകേന്ദ്രം ജങ്ഷനില്‍ സ്ഥാപിക്കുമെന്നും മലയാറ്റൂര്‍ തീര്‍ഥാടനകാലത്ത് വളരെ തിരക്കനുഭവപ്പെടുന്ന ജങ്ഷനില്‍ ഗതാഗതത്തിരക്ക് കുറക്കാനും അപകടങ്ങള്‍ ഇല്ലാതാക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍, കോടനാട് സെന്റ് ആന്റണീസ് വികാരി ഫാ. ജോമോന് കൈപ്രമ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജാ റോയ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, പഞ്ചായത്ത് അംഗം സിനി എല്‍ദോ, വ്യാപാരി വ്യവസായി പ്രസിഡന്റ് ഷിജോ സേവ്യര്‍, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ഉഷസ്, അസി. എൻജിനീയര്‍ അഞ്ജലി എന്നിവര്‍ പങ്കെടുത്തു.