കോതമംഗലം: ജില്ല സ്കൂൾ കായികമേളയിൽ തുടർച്ചയായ 21ാം വട്ടവും അജയ്യരായി കോതമംഗലം കിരീടത്തിൽ മുത്തമിട്ടു. മാര്‍ബേസിലിന്റെയും സെന്റ് സ്റ്റീഫന്‍സ് സ്കൂളിന്റെയും കരുത്തിലാണ് കോതമംഗലം ഉപജില്ലയുടെ കിരീട നേട്ടം.
ആദ്യ ദിനം മുതല്‍ മുന്നിലെത്തിയ ആതിഥേയർക്ക് പക്ഷേ മുൻവർഷത്തെ മികവ് നിലനിർത്താനായില്ല. 44 സ്വര്‍ണവും, 38 വെള്ളിയും, 17 വെങ്കലവുമടക്കം 368 പോയന്റാണ് ചാമ്പ്യന്മാർ നേടിയത്. ആകെ മെഡലിലും പോയന്റിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവുണ്ടായി.
16 സ്വര്‍ണവും, 15 വെള്ളിയും, 14 വെങ്കലവുമടക്കം 162 പോയന്റോടെ അങ്കമാലി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. പോയ വർഷത്തേക്കാൾ മികച്ച നേട്ടമാണ് അങ്കമാലിയുടേത്. മറ്റ് ഉപജില്ലകള്‍ക്ക് മൂന്നക്കം തൊടാനായില്ല. പെരുമ്പാവൂർ ഉപജില്ല 99 പോയന്റോടെ മൂന്നാമതെത്തി. ആകെ നേട്ടം 10 സ്വര്‍ണവും, 10 വെള്ളിയും, എട്ട് വെങ്കലവും. 63 പോയന്റ് നേടി കഴിഞ്ഞ വർഷം ആദ്യ അഞ്ചിൽ ഇടം പിടിച്ച നോർത്ത് പറവൂർ ഉപജില്ല വെറും 10 പോയന്റുമായി ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മട്ടാഞ്ചേരി ഉപജില്ല ഈ വർഷവും സംപൂജ്യരായി. കോലഞ്ചേരി, മൂവാറ്റുപുഴ ഉപജില്ലകൾ സ്വര്ണപ്പട്ടികയിലും ഇടം നേടിയില്ല.