മൂവാറ്റുപുഴ: കെട്ടിട നമ്പർ ലഭിക്കാത്തതിനെ തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയായ വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ് ഇനിയും തുറന്നില്ല. കെട്ടിട നമ്പർ ഇട്ടു നൽകാൻ ആവശ്യമായ സൈറ്റ് പ്ലാൻ പൊതുമരാമത്ത് ബിൽഡിങ്സ് വിഭാഗം ഇതുവരെ നൽകിയിട്ടില്ല. പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 20 ലക്ഷം രൂപയോളം ചെലവഴിച്ചാണ് കല്ലൂർക്കാട് വില്ലേജ് ഓഫിസ് ക്വാർട്ടേഴ്സ് നിർമിച്ചത്.
നിർമാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ ജീവനക്കാർക്ക് താമസിക്കാനാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം സാമൂഹികവിരുദ്ധർക്ക് വിട്ടുനൽകാതെ പ്രയോജനപ്പെടുത്താൻ അടിയന്തര നടപടിയുണ്ടാകണമെന്ന് കല്ലൂർക്കാട് വില്ലേജ് ജനകീയ സമിതി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഫ. ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് അംഗം ജോർജ് ഫ്രാൻസിസ് തെക്കേക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇക്കാര്യം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കു നിവേദനം നൽകി.