പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു. ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി. ബ്രാഞ്ച് കമ്മിറ്റി അംഗമായ പി. തമ്പിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് ലോക്കൽ സമ്മേളനത്തിൽ ചർച്ചയായി. ചില നേതാക്കളുടെ ഭീഷണിയും വ്യക്തിഹത്യയുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുണ്ട്. ഇതിനുപുറമെ ചില നേതാക്കളുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ചർച്ചയായതോടെയാണ് തർക്കവും ബഹളവും ഉടലെടുത്തത്. ഔദ്യോഗികപക്ഷം ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഏരിയ കമ്മിറ്റിയിലെ പ്രമുഖർ ഗൂഢാലോചന നടത്തി എതിർപക്ഷത്തെ ഒതുക്കാൻ ശ്രമിക്കുകയാണെന്ന് ചിലർ തുറന്നടിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായ സന്തോഷ്, പ്രിൻസ് എന്നിവർ ജില്ലാ കമ്മിറ്റി അം ജോൺ െഫർണാണ്ടസിനോട് കയർത്ത് സംസാരിച്ചതായും കൈയേറ്റത്തിന് ശ്രമിച്ചതായും ആരോപണമുണ്ട്. 16 അംഗ കമ്മിറ്റിയിൽനിന്ന് മൂന്നുപേരെ നീക്കം ചെയ്ത് 13 അംഗങ്ങളെ നിർദേശിച്ചതും ബഹളത്തിന് കാരണമായി.
ഔദ്യോഗിക പക്ഷത്തുനിന്ന് നിലവിലെ സെക്രട്ടറി ദിലീഷും എതിർപക്ഷത്തുനിന്ന് രശ്മിയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിന്നതും സമ്മേളനം നിർത്താൻ കാരണമായി.