എം.എം ലോറൻസിന്‍റെ പൊതുദർശനത്തിനിടെ മർദിച്ചു; റെഡ് വളന്‍റിയർമാർക്കും ബന്ധുക്കൾക്കും എതിരെ മകൾ ആശയുടെ പരാതി

Estimated read time 0 min read

കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി സംബന്ധിച്ച തർക്കവും കൈയാങ്കളിയുമായും ബന്ധപ്പെട്ട് മകൾ ആശ ലോറൻസ് പരാതി നൽകി. കൊച്ചി കമീഷണർക്കാണ് പരാതി നൽകിയത്. പിതാവിന്‍റെ പൊതുദർശനത്തിനിടെ വനിതകളടങ്ങിയ സി.പി.എം റെഡ് വാളന്‍റീയർമാർ തന്നെയും മകനെയും മർദിച്ചെന്ന് ആശ പരാതിയിൽ ആരോപിക്കുന്നു.

റെഡ് വാളന്‍റീയർമാർ മർദിക്കുന്നതിന് ബന്ധുക്കൾ കൂട്ടുനിന്നു. തനിക്കും മകനും സാരമായ പരിക്കുപറ്റി. ശരീരവേദന ഇനിയും മാറിയിട്ടില്ലെന്ന പറയുന്ന പരാതിയിൽ സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എൻ മോഹനനെതിരെയും പരാമർശമുണ്ട്.

കൂടാതെ, സഹോദരൻ അഡ്വ. എം.എൽ സജീവനെതിരെയും സഹോദരി സുജാതയുടെ ഭർത്താവ് ബോബനെതിരെയും ആശ രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. തങ്ങളെ ആക്രമിക്കുന്നതിന് സജീവനും ബോബനും കൂട്ടുനിന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ആശ ലോറൻസിന്‍റെ പരാതി കിട്ടിയിട്ടുണ്ടെന്നും എറണാകുളം നോർത്ത് പൊലീസിനെ കൈമാറിയിട്ടുണ്ടെന്നും കമീഷണറുടെ ഓഫീസ് സ്ഥിരീകരിച്ചു.

മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് തർക്കമാണ് കൈയാങ്കളിയിലാണ് കലാശിച്ചത്. മൃതദേഹം പൊതുദർശനത്തിനുവെച്ച എറണാകുളം ടൗൺഹാളിലാണ് സംഘർഷാവസ്ഥയുണ്ടായത്. പൊതുദർശന നഗരിയിൽ രാവിലെ മുതൽ ഉണ്ടായിരുന്ന മകൾ ആശ ലോറൻസ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് തടയണമെന്ന ഹരജിയുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

കോടതി അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കാൻ കളമശ്ശേരി മെഡിക്കൽ കോളജിനോട് നിർദേശിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. ലോറൻസിന്‍റെ മറ്റ് രണ്ട് മക്കൾ പിതാവിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാൻ സമ്മതപത്രം നൽകിയിരുന്നു.

വൈകീട്ട് മൂന്നരയോടെ മൃതദേഹം മാറ്റാൻ തയാറെടുക്കുന്നതിനിടെ ആശ മൃതദേഹമടങ്ങിയ പേടകത്തിൽ കെട്ടിപ്പിടിച്ച് കിടന്നു. ഒപ്പം ആശയുടെ മകൻ മിലനും ചേർന്നു. ഇതിനിടെ സി.പി.എം വനിതാ പ്രവർത്തകർ ലോറൻസിന് അന്ത്യാഭിവാദ്യം അർപ്പിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇതോടെ ആശ സി.പി.എമ്മിനെതിരെ മുദ്രാവാക്യം മുഴക്കി. തുടർന്നാണ് സംഘർഷമുണ്ടായത്.

ആശയെയും മകനെയും ബലമായി മാറ്റിയാണ് മൃതദേഹം ആംബുലൻസിൽ കയറ്റിയത്. ആശക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്നും മരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ പിതാവ് തന്നോട് പങ്കുവെച്ചിരുന്നുവെന്നും മകൻ അഡ്വ. എം.എൽ. സജീവൻ പറഞ്ഞു. മരണശേഷമുള്ള കാര്യങ്ങൾ കുടുംബമാണ് നോക്കേണ്ടതെന്ന് സി.പി.എമ്മും വ്യക്തമാക്കിയിരുന്നു.

You May Also Like

More From Author