പെരുമ്പാവൂർ: പി.പി റോഡിലെ പാത്തിപാലത്തിന് സമീപത്തെ ബിവറേജസ് പരിസരം ഗുണ്ടകളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറുന്നതായി ആക്ഷേപം. ഇത് ശരിവെക്കുന്നതാണ് തിങ്കളാഴ്ച സംഘർഷത്തിൽ ഷംസു എന്നയാൾ കൊല്ലപ്പെട്ട സംഭവം.
ഔട്ട്ലെറ്റിൽനിന്ന് മദ്യം വാങ്ങി പരിസരങ്ങളിൽ ഇരുന്ന് കുടിക്കുന്നത് പതിവാണ്. ഷോപ് പ്രവർത്തിക്കുന്നത് ആളൊഴിഞ്ഞ പ്രദേശത്താണ്.
ചുറ്റുമുള്ള വിജനമായ സ്ഥലങ്ങളിൽ സംഘം ചേർന്ന് മദ്യം കഴിക്കുന്നതും വാക്കേറ്റവും അടിപിടിയും ഉണ്ടാകുന്നതും സംബന്ധിച്ച പരാതികൾ ഉയർന്നിട്ടും പൊലീസും ബന്ധപ്പെട്ട അധികാരികളും നടപടിയെടുക്കാറില്ല. നഗരസഭയിലെ സി.പി.എം കൗൺസിലറുടെ കെട്ടിടത്തിലാണ് ബിവറേജസ് പ്രവർത്തിക്കുന്നത്. ഇതുകൊണ്ടാണ് പൊലീസും നഗരസഭയും കണ്ണടക്കുന്നതെന്ന ആക്ഷേപമുണ്ട്.
അന്തർ സംസ്ഥാനക്കാരായ കുറ്റവാളികൾ ഇതിന്റെ പരിസരങ്ങളിൽ സ്ഥിരമായി തങ്ങുന്നുണ്ട്. ക്വട്ടേഷൻ സംഘങ്ങൾ, പെൺവാണിഭ ഏജന്റുമാർ, ചീട്ടുകളിക്കാർ, മദ്യവിൽപനക്കാർ, ട്രാൻസ്ജെൻഡർമാർ എന്നിവർക്കെല്ലാം തങ്ങാനുള്ള കേന്ദ്രമായി സമീപ സ്ഥലങ്ങൾ മാറി.
പി.പി റോഡിൽനിന്നുള്ള ചെറിയപാത എത്തുന്ന സ്ഥലത്താണ് ഔട്ട്ലെറ്റ്. ഇവിടെ തടിമിൽ ഒഴികെ വ്യാപര സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ എന്ത് നടന്നാലും പുറംലോകം അറിയില്ല. 2023ലെ ഓണനാളിൽ തമിഴ്നാട് സ്വദേശിയെ പ്രദേശത്ത് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മദ്യപർക്ക് സൗകര്യം ഒരുക്കാൻ വിൽപനക്കാർ ചുറ്റുമുണ്ട്. കോവിഡ് ലോക്ഡൗൺ സമയത്തും സജീവമായിരുന്നു ബിവറേജസ് പരിസരം. രാത്രിയില്‍ ഈ ഭാഗത്തുകൂടി ഭയപ്പാടോടെയാണ് ആളുകൾ സഞ്ചരിക്കുന്നത്.
സമീപത്തെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായ പരാതിയുമുണ്ട്. ഈ ഭാഗത്ത് പൊലീസിന്റെ പരിശോധന നടക്കാത്തത് കുറ്റകൃത്യങ്ങള്‍ വർധിക്കാന്‍ കാരണമാകുന്നുണ്ട്. അംഗബലമില്ലെന്ന പേരിൽ പരിശോധനകളിൽനിന്ന് പൊലീസ് ഒഴിയുകയാണെന്നാണ് ആരോപണം. കുറ്റകൃത്യങ്ങൾ പെരുകിയിട്ടും സ്റ്റേഷനിൽ ഡിവൈ.എസ്.പിയും സി.ഐയും ഇല്ലാത്തത് തിരിച്ചടിയായി.
ഒരു മാസമായി സി.ഐ നിയമനം നടന്നിട്ടില്ല. ഡിവൈ.എസ്.പിയുടെ ചുമതലയുണ്ടായിരുന്ന എ.എസ്.പി കഴിഞ്ഞ ദിവസം രണ്ടുമാസത്തെ പരിശീലനത്തിന് പോയതോടെ ആ കസേരയും കാലിയാണ്.
ബിവറേജസ് പരിസരത്ത് നടന്ന കൊലപാതകത്തിന്റെ അന്വേഷണത്തിന് രണ്ട് ഉദ്യോഗസ്ഥരുടെയും അഭാവം ബാധിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലപ്പെട്ട ഷംസുവിനെ മർദിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.