കൊച്ചി: സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന കര്‍ക്കശമാക്കുന്നു. 2024 ജൂൺ- ജൂലൈ മാസങ്ങളിൽ നടന്ന പരിശോധനയിൽ 603 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തു. 17531 പരിശോധനകളാണ് ഇക്കാലയളവിൽ നടത്തിയത്. 7670 സാമ്പിൾ പരിശോധനക്കെടുത്തു. 2783 സ്ഥാപനങ്ങൾക്ക് പ്രശ്ന പരിഹാരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ1427 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 74, 63,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യ എണ്ണയുടെ പുനരുപയോഗം തടയുന്നതിന് നടത്തിയ പരിശോധനയിൽ 181436 കിലോലിറ്റർ എണ്ണയാണ് ശേഖരിച്ചത്.
മാനദണ്ഡങ്ങളിൽ വീഴ്ച; പൂട്ട് വീണത് 86 ഷവർമ കടകൾക്ക്
കൊച്ചി: പരിശോധനകൾ കർശനമാകുമ്പോൾ ഷവർമ വിൽക്കുന്ന കടകളിൽ പൂട്ടുവീഴുന്നതിന്റെ എണ്ണം വർധിക്കുന്നു. ഷവർമക്ക് മാത്രമായി രൂപവത്കരിച്ച സ്ക്വാഡ് ഒരു മാസം കൊണ്ട് 1274 കടകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 86 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 373 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജില്ലയിൽ മാത്രം രണ്ട് മാസത്തിൽ 1218000 രൂപ പിഴ ഈടാക്കി. എല്ലാ ആഴ്ചയിലും ഷവർമ കടകളിൽ പ്രത്യേക നൈറ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണെന്ന് എറണാകുളം അസി. ഫുഡ് സേഫ്റ്റി കമീഷണർ ജോൺ വിജയകുമാർ. പി.കെ പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശം
ഷവർമ വിൽക്കുന്ന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് വേണം പ്രവർത്തിക്കാനെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശിക്കുന്നു. ഷവർമക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോൾ ലേബലിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം. മാംസം പഴയതാകാൻ പാടില്ല. കോണിൽ നിന്ന് എടുക്കുന്ന മാസം കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിലോ ഓവനിലോ ബേക്ക് ചെയ്യണം.
നശിപ്പിച്ചത് 7016 കിലോ മത്സ്യം
കൊച്ചി: ജില്ലയിലെ നിരവധി മത്സ്യ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ജൂൺ, ജൂലൈ മാസങ്ങളിലായി 7016 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 1129 മത്സ്യ വിൽപന കേന്ദ്രങ്ങളിൽ 116 പേർക്കാണ് നോട്ടീസ് നൽകിയത്. 3,03,000 രൂപ പിഴയുമീടാക്കി.
മത്സ്യ വില്പന സ്ഥാപനങ്ങള്‍ ഒരു കിലോ മീനില്‍ ഒരു കിലോ ഐസ് എന്ന തോതില്‍ ഇടണം. പഴകിയതോ രാസവസ്തുക്കള്‍ കലര്‍ത്തിയതോ ആയ മത്സ്യം വില്പന നടത്തുന്നതായി കണ്ടെത്തിയാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.