പെരുമ്പാവൂര്‍: ബസ് തൊഴിലാളികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിനെത്തുടർന്ന് മണിക്കൂറുകളോളം ബസുകള്‍ പണിമുടക്കി. വ്യാഴാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കൈയാങ്കളി നടന്നത്. ബസ് കണ്ടക്ടര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം.
പെരുമ്പാവൂരിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി എസ്.എസ്.എല്‍.സി ബുക്ക് വാങ്ങാൻ ബുധനാഴ്ച കൂട്ടുകാരികളോടൊപ്പം കാലടിയിലെ സ്കുളില്‍ പോയി തിരികെവരുന്ന സമയത്ത് പെരുമ്പാവൂര്‍-അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രണ്ട്സ് ബസിലെ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പൊലീസിനും ജോയന്റ് ആര്.ടി.ഒക്കും പരാതി നല്‍കിയിരുന്നു.
എസ്.ടി ചാര്‍ജ് കൊടുത്തപ്പോള്‍ ഫുള്‍ ചാര്‍ജ് ആവശ്യപ്പെടുകയും മോശമായി സംസാരിക്കുകയും മൊബൈല്‍ ഫോണിൽ ചിത്രം പകര്‍ത്തുകയും ചെയ്തെന്നായിരുന്നു പരാതി. സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റാന്‍ഡിലെത്തി ഫ്രണ്ട്സ് ബസ് തടഞ്ഞു. ഈ സമയത്ത് മറ്റൊരു ബസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ഓടിച്ചുകയറ്റിയതായി പറയുന്നു. തുടർന്നാണ് സംഘർഷമുണ്ടായത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ മര്‍ദിച്ചതായി ആരോപിച്ച് തൊഴിലാളികള്‍ പണിമുടക്കുകയാണുണ്ടായത്.
രണ്ട് മണിക്കൂറിലധികം ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ സ്കൂള്‍ വിട്ടു പോകുന്ന വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും വലഞ്ഞു. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് വന്‍ പൊലീസ് സംഘം തമ്പടിച്ചിരുന്നു. അടുത്ത ദിവസം സൂചന പണിമുടക്ക് ഉൾപ്പെടെയുളള പ്രതിഷേധം സംഘടിപ്പിക്കാമെന്ന തീരുമാനത്തില്‍ ബസുകള്‍ ആറുമണിയോടെ സര്‍വിസ് പുനരാരംഭിച്ചു.