മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് ദുരിതമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് പ്ലാസ്റ്റിക് വയറുകൾ കൂട്ടിയിട്ട് കത്തിച്ചത്. ഇതോടെ വലിയതോതിൽ പുക ഉയരുകയും തീ പടർന്നുപിടിക്കു കയും ചെയ്തു. പുക ശ്വസിച്ച് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർക്ക് അസ്വസ്ഥതകളുണ്ടായി. വിവരമറിഞ്ഞ് മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അടക്കമുള്ളവർ എത്തിയപ്പോഴേക്കും സാമൂഹികവിരുദ്ധർ ഓടിരക്ഷപ്പെട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമായതോടെ വിഷപ്പുക ശ്വസിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് സമീപത്തുള്ള ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾ അടക്കമുള്ളവർ.
മത്സ്യമാർക്കറ്റ് സാമൂഹികവിരുദ്ധരുടെയും ആക്രി കച്ചവടക്കാരുടെയും താവളമായിട്ട് നാളുകളായി. ആക്രി പെറുക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു തീയിടുന്നതുമൂലം ഉയരുന്ന പുക സ്റ്റേഡിയം കോംപ്ലക്സിലും ന്യൂബസാറിലുമുള്ള വ്യാപാരികൾക്കും ടൗൺ സ്കൂളിലെ വിദ്യാർഥികൾക്കും മറ്റുമാണ് ദുരിതം വിതക്കുന്നത്. നേരത്തെ ഇവിടെ മാലിന്യം കത്തിക്കുന്നവർക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് കുറെ നാളത്തേക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ചയായി പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വ്യാപകമായിരിക്കുകയാണ്. ഇലക്ടിക് വയറുകളും മറ്റുമാണ് ഇവിടെ കത്തിക്കുന്നത്.
പതിറ്റാണ്ട് മുമ്പ് കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച മത്സ്യ മാർക്കറ്റ് വിപണനത്തിന് തുറന്നുകൊടുക്കാതെ പൂട്ടിയിടുകയായിരുന്നു.
കുറെ കാലം മാർക്കറ്റിൽ വാച്ചറുടെ സേവനം ലഭ്യമാക്കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഇതോടെയാണ് സാമൂഹികവിരുദ്ധരുടെ താവളമായത്. ഇവിടെ ഉണ്ടായിരുന്ന വയറിങ് ഉൾപ്പെടെ സംവിധാനങ്ങളും ശീതീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും സാമൂഹികവിരുദ്ധർ പൊളിച്ചെടുത്തു വിറ്റു. പകൽ പോത്തുവളർത്തൽ കേന്ദ്രമാകുന്ന കെട്ടിടം രാത്രി സാമൂഹികവിരുദ്ധരുടെ വിഹാര കേന്ദ്രമാകും. മയക്കു മരുന്നു വിൽപനയും ഉപഭോഗവും എല്ലാം നടക്കുന്നുണ്ട്. കാടുപിടിച്ചു കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ്. ഇതിനിടയിലാണ് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത്.
മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം സ്ഥലത്താണ് മാർക്കറ്റ് നിർമിച്ചത്. മാർക്കറ്റ് കെട്ടിടം സ്റ്റേഡിയത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിലാണ് നഗരസഭ. സാമൂഹികവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാർക്കറ്റ് കെട്ടിടത്തിൽ വാച്ചറുടെ സേവനം ലഭ്യമാക്കുമെന്നും ചെയർമാൻ പറഞ്ഞു.