മൂവാറ്റുപുഴ: തൃക്കളത്തൂർ പഞ്ചായത്തിൽ നിരവധിപേർക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തത് വിവാദമായി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ട് ഒരു മാസമായി. രണ്ടു ദിവസം കൂടുമ്പോൾ രണ്ടു മുതൽ അഞ്ചു പേർവരെ ഇവിടെത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നുണ്ട്. നിലവിൽ പത്തോളം പേർ വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പായിപ്രയിൽ രോഗബാധ വർധിക്കാനുള്ള കാരണം അജ്ഞാതമാണ്. അഞ്ച് വർഷം മുമ്പ് സമാനമായ അവസ്ഥയുണ്ടായപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി യിരുന്നു. ഇതിനുശേഷം അടുത്ത കാലത്താണ് മേഖലയിൽ രോഗം വ്യാപകമായിരിക്കുന്നത്. പഞ്ചായത്തൊ ആരോഗ്യ വകുപ്പൊ ഇതു സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിലേറെയായി പഞ്ചായത്തിൽ അസുഖ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്.
പരിഹാരം പ്രതിരോധ വാക്സിനെന്ന് ഡോക്ടർമാർ
മൂവാറ്റുപുഴ: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് – ബി രോഗബാധ തടയുന്നതിന് പ്രതിരോധ വാക്സിനാണ് പരിഹാരമെന്ന് ഡോക്ടർമാർ. വാക്സിന്റെ ആദ്യ ഡോസ് എടുത്താല്‍ രണ്ടാം ഡോസ് ഒരു മാസം കഴിഞ്ഞും മൂന്നാമത്തേത് ആറ് മാസം കഴിഞ്ഞുമാണ് എടുക്കുന്നത്.
15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സംസ്ഥാനത്ത് വാക്സിന് നല്കി വരുന്നുണ്ട്. മനുഷ്യന്റെ കരളിനെ ബാധിക്കുന്ന ഒരിനം വൈറസ് ആണ് ഹെപ്പറ്റൈറ്റിസ് -ബി. ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, തലകറക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ശരീരത്തിന് മഞ്ഞനിറം, മൂത്രത്തിന് കടുത്ത നിറം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. സാധാരണ സമ്പര്‍ക്കത്തിലൂടെ ഈ വൈറസ് പകരില്ല. തലകറക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, തളര്‍ച്ച, പേശീ-സന്ധിവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
തുടര്‍ന്ന് മഞ്ഞപ്പിത്തം, കടും നീലനിറത്തിലുള്ള മൂത്രം അയഞ്ഞ മലം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രോഗത്തിന്റെ കാഠിന്യം അണുബാധയുണ്ടാകുന്ന സമയത്തെ രോഗിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. രക്തം കട്ടപിടിക്കാന്‍ ആവശ്യമായ പ്രോത്രോംബിന്‍ എന്ന ഘടകത്തെ ഉൽപ്പാദിപ്പിക്കാനുള്ള കരളിന്റെ ശേഷി വൈറസുകള്‍ നശിപ്പിക്കുന്നു. തല്‍ഫലമായി രക്തം കട്ടപിടിക്കല്‍ സാവകാശത്തിലാകുന്നു. കൂടാതെ കരൾ പ്രവര്‍ത്തനരഹിതമാകുന്നതോടെ കേടായ ചുവന്ന രക്താണുക്കള്‍ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിന്‍ എന്ന വസ്തുവിനെ പുറന്തള്ളാനുള്ള ശരീരത്തിന്റെ കഴിവ് നശിക്കുന്നു. തല്‍ഫലമായി മഞ്ഞപ്പിത്തം ഉണ്ടാകുന്നു. രോഗം ഒരാള്‍ക്ക് വന്നാല്‍ ആ വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് കൂടി രോഗം വരാന്‍ സാധ്യത ഏറെയാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.