കൊച്ചി: കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് അറസ്റ്റ് വാറൻറ്.
കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടയ്ക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽനിന്ന് എഴുതി വാങ്ങിയ അതോറിറ്റിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും വീട്ടമ്മക്ക് 65,000 രൂപ നഷ്ടപരിഹാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണമെന്നുമുള്ള ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് വാറൻറ് പുറപ്പെടുവിച്ചത്.
കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് സെക്ഷൻ 72 പ്രകാരം, ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയ തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയറെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തൃപ്പൂണിത്തുറ എസ്.എച്ച്.ഒക്കാണ് നിർദേശം നൽകിയത്.
മരട് സ്വദേശി ഡോ. മറിയാമ്മ അനിൽ കുമാർ സമർപ്പിച്ച എക്സിക്യൂഷൻ പെറ്റിഷനിലാണ് ഉത്തരവ്. ഗാർഹിക കുടിവെള്ള കണക്ഷൻ 2018 മേയിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതൽ 2019 ജനുവരി വരെ വാട്ടർ ചാർജ് നൽകിയിട്ടുണ്ട്. എന്നാൽ, വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പലതവണ ഓഫിസുകളിൽ കയറിയിറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതിയും ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നൽകിയിട്ടുണ്ടെന്നായിരുന്നു ജല അതോറിറ്റിയുടെ നിലപാട്.