കൊച്ചി: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നൂറിലധികം പേരിൽ നിന്നായി 25 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ.
കണ്ണൂർ ചിറക്കൽ പുതിയ തെരുവ് 9ഇ ഗ്രാന്റ് സ്റ്റാൻഡ് അസറ്റ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സുനീഷ് നമ്പ്യാരെ (44) ആണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂനിറ്റ് അറസ്റ്റ് ചെയ്തത്. നാം ഇൻഡക്സ് ഡെറിവേറ്റിവ്സ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത ശേഷം 25 മുതൽ 30 ശതമാനം വരെ വാർഷിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
താൻ ലണ്ടനിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്നതായും ഓഹരി വ്യാപാരത്തിൽ വിദഗ്ധനാണെന്നും സുനീഷ് നിക്ഷേപകരെ ധരിപ്പിച്ചിരുന്നു.
ആദ്യം രണ്ടോ മൂന്നോ പേരിൽ നിന്ന് ചെറിയ തുക നിക്ഷേപമായി സ്വീകരിക്കുകയും ഇതിൽ നിന്ന് ലാഭവിഹിതമെന്ന പേരിൽ പണം അയച്ചുകൊടുത്ത് വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഇവരെ ഉപയോഗിച്ച് പുതിയ നിക്ഷേപകരെ കണ്ടെത്തുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന നൂറിലധികം പേരിൽ നിന്നാണ് ഇങ്ങനെ പണം തട്ടിയെടുത്തത്. ഡോക്ടർമാർ, വ്യവസായികൾ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം മേഖല എസ്.പി എ.ജി. ലാൽ, ഡിവൈ.എസ്.പി വി. റോയി എന്നിവരുടെ നേതൃത്വത്തിൽ ഡിറ്റക്ടിവ് ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്.ഐമാരായ പി.ഇ. സാജു, അബ്ദുൽ നാസർ, എ.എസ്.ഐ വി.ജി. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുനീഷിനെ കാക്കനാട് ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു.