പെരുമ്പാവൂര്‍: രായമംഗലം പഞ്ചായത്തിലെ മലമുറി മലയില്‍ മണ്ണെടുപ്പ് വ്യാപമാകുന്നതായി പരാതി. 16ാം വാര്‍ഡിലെ ഏക്കര്‍ കണക്കിനുള്ള മലയുടെ നല്ലൊരു ഭാഗം കുറേനാള്‍ മുമ്പ് മണ്ണെടുത്തിരുന്നു. നിലവിലുള്ള കുന്നാണ് ഇപ്പോള്‍ നികത്തുന്നത്. മലയിലേക്ക് പോകുന്ന ചെങ്ങന്ചിറ റോഡ് തകര്‍ന്നു.
രായമംഗലം പഞ്ചായത്ത് പരിധിയില്‍ മണ്ണുമാഫിയ അഴിഞ്ഞാടുകയാണെന്ന് ആരോപിച്ച് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാർച്ചിൽ പഞ്ചായത്ത് കാര്യലയത്തിന് മുന്നില്‍ നിൽപ് സമരം സംഘടിപ്പിച്ചിരുന്നു.
മലമുറി മലയില്‍ ഉൾപ്പെടെ അന്ന് മണ്ണെടുപ്പുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഖനനം വീണ്ടും തുടങ്ങിയെന്നാണ് ആക്ഷേപം. വൈകീട്ട് ഏഴിന് ശേഷം നടക്കുന്ന ഖനനം രാവിലെ ആറിന് മുമ്പ് നിര്‍ത്തും. പകല്‍ യന്ത്രങ്ങള്‍ മാത്രമാണ് പറമ്പിലുണ്ടാകുക. ആര്‍ക്കും സംശയം ഉണ്ടാകാത്ത തരത്തിലാണ് മണ്ണെടുപ്പ്. പഞ്ചായത്തിനും പൊലീസിനും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തടഞ്ഞിട്ടില്ല.