മൂവാറ്റുപുഴ: നിർമാണത്തിലെ അപാകത മൂവാറ്റുപുഴ – തേനി സംസ്ഥാന പാത അപകടമേഖലയായി. ഞായറാഴ്ച രാത്രി റോഡിലെ തഴുവം കുന്നിലെ കൊടും വളവിൽ നിയന്ത്രണം വിട്ടബൈക്ക് 50 അടി താഴ്ചയിലേക്ക്മറിഞ്ഞ് യുവാവ് മരിച്ചതാണ് അവസാന സംഭവം.
ഇവിടെ അഞ്ച് പേരാണ് സമീപകാലത്ത് അപകടത്തിൽ മരിച്ചത്. ദിവസവും അപകടം നടക്കുന്നുമുണ്ട്. മൂവാറ്റുപുഴചാലിക്കടവ് മുതൽ – മണ്ഡലം അതിർത്തിയായ പെരുമാങ്കണ്ടംവരെയുള്ള 17 കിലോമീറ്റർ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽപണി പൂർത്തിയായി വരുന്നത്.
85 കോടി രൂപ ചിലവിൽ പണിയുന്ന റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് നിരന്തര അപകടങ്ങൾക്ക് കാരണം. വളവുകൾ നിവർത്താതെയും കയറ്റങ്ങളും മറ്റുംകുറക്കാതെയുമാണ് നിർമാണം നടക്കുന്നതെന്ന പരാതി വ്യാപകമായി ഉയർന്നങ്കിലും ഇതൊന്നും ചെവി കൊളളാതെയാണ് കെ.എസ്. ടി.പി നിർമാണം പൂർത്തിയാക്കിയത്.
അപകടങ്ങൾ തുടർക്കഥയായതോടെ മുൻ മൂവാറ്റുപുഴബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റ്യൻ രംഗത്തു വന്നിരുന്നു. സംരക്ഷണ ഭിത്തികളും ഓടകളും നിർമിക്കാതെയും പുറമ്പോക്ക് ഏറ്റെടുക്കാതെയുമായിരുന്നു നിർമാണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 10 മീറ്റർ വീതിയിൽ നിർമാണം നടക്കേണ്ടതിനുപകരം പല സ്ഥലങ്ങളിലും ഏഴര മീറ്ററിൽ താഴെയെ വീതിയുള്ളു.
ഇതിനു പുറമെ പഴയ കോട്ട റോഡിന്റെ ഭാഗമായ റോഡിലെ കൊടും വളവുകളും കയറ്റങ്ങളും അതേപോലെ നിലനിറുത്തിയാണ് നവീകരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ ചാലിക്കടവ് പാലം ഭാഗത്തുനിന്നാരംഭിക്കുന്ന പാത കല്ലൂര്‍ക്കാട്, തഴുവംകുന്ന്, ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വാഴത്തോപ്പ്, ഇരട്ടയാര്‍, നെടുങ്കണ്ടം പഞ്ചായത്തുകളിലൂടെയാണ് തമിഴ്നാട്ടിലെ തേനിയിൽ എത്തുന്നത്.
അപകടം പതിയിരിക്കുന്ന എം.സി റോഡ്
കാലടി: വാഹനാപകടങ്ങളാൽ മരണം വിതച്ച് വീണ്ടും എം.സി റോഡ്. തിങ്കളാഴ്ച മറ്റൂരിനും കാലടിക്കും മധ്യേ ലോറി കയറി വീട്ടമ്മ തൽക്ഷണം മരിച്ചു.
തിങ്കളാഴ്ച രാവിലെ എം.സി റോഡിൽ വേങ്ങൂരിൽ സ്വകാര്യ ബസ് തട്ടി ബൈക്ക് യാത്രികൻ ഗുരുതര പരിക്കേറ്റ്, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുമ്പ് വേങ്ങൂർ കിടങ്ങൂർ കവലയിലുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം സംഭവിച്ചു.
20 വർഷത്തിനിടയിൽ 100ഓളം പേരുടെ ജീവൻ എം.സി റോഡിൽ പൊലിഞ്ഞിട്ടുണ്ട്. ദമ്പതികൾ വാഹനാപകടത്തിൽ മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2004ൽ കെ.എസ്.ടി.പി റോഡ് വീതി കൂട്ടി നിർമാണം പൂർത്തീകരിച്ചതിന് ശേഷമാണ് അപകടങ്ങൾ തുടങ്ങിയത്. പിന്നീട് അപകടങ്ങൾ വർധിച്ചു. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണം. നിലവിലുണ്ടായിരുന്ന റോഡ് വീതി കൂട്ടി ടാർ ചെയ്യുകയായിരുന്നു.
മധ്യഭാഗത്ത് മീഡിയൻ വെക്കാത്തതും അപകടത്തിന് കാരണമായി. വാഹന പെരുപ്പവും അമിതവേഗവും അപകടം കൂടാൻ കാരണമാണ്. എം.സി റോഡിലെ വാഹനാപകടങ്ങൾക്ക് കടിഞ്ഞാണിടണമെങ്കിൽ വാഹന വേഗത നിയന്ത്രിക്കാൻ ശക്തമായ സംവിധാനങ്ങൾ വേണമെന്ന ആവശ്യത്തിന് പഴക്കം ഏറെയാണ്.