പള്ളുരുത്തി: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കണ്ണമാലി പൊലീസിന്റെ പിടിയിൽ. ചെല്ലാനം മാലാഖപ്പടി വാഴക്കൂട്ടത്തിൽ വീട്ടിൽ സേവ്യർ ഷാരോൺ (27), നോർത്ത് ചെല്ലാനം തോപ്പിൽ വീട്ടിൽ ആൽഫ്രഡ് ജോസഫ് (27) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച ചെല്ലാനം മാലാഖപ്പടിയിൽ മോട്ടോർ ബൈക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവർ പൊലീസ് ജീപ്പ് കണ്ട് കടന്നുകളയാൻ ശ്രമിക്കവെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ കൈയിൽനിന്നും ബാഗിൽനിന്നുമായി 4.54 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
മട്ടാഞ്ചേരി അസി. കമീഷണർ കെ.ആർ. മനോജ്, കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ സിജിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. എസ്.ഐ എസ്. നവീൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രൂപേഷ്, ഷാനി മോൻ, അഭിലാഷ്, സിവിൽ പൊലിസ് ഓഫിസർ വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.