അങ്കമാലി: നഗരസഭ ഉപാധ്യക്ഷയായി കോൺഗ്രസിലെ സിനി മനോജ് തെരഞ്ഞെടുക്കപ്പെട്ടു. സിനിക്ക് 16 വോട്ടും, സി.പി.എമ്മിലെ ഗ്രേസി ദേവസിക്ക് 12 വോട്ടും ലഭിച്ചു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ആകെയുള്ള 30 കൗൺസിലർമാരിൽ ബി.ജെ.പിയുടെ രണ്ട് പേരും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
സ്വതന്ത്ര അംഗം വിൽസൺ മുണ്ടാടനും, അടുത്തിടെ കോൺഗ്രസിൽ നിന്ന് കൂറുമാറിയ ലക്സി ജോയിയും എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വവുമായുള്ള മുൻ ധാരണപ്രകാരം കല്ലുപാലം അഞ്ചാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റീത്തപോൾ മൂന്ന് വർഷത്തിന് ശേഷം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് നേതൃത്വം നിർദ്ദേശിച്ച സിനി മനോജ് തെരഞ്ഞെടുക്കപ്പെട്ടത്.
ജെ.ബി.എസ് 19ാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിനി നോർത്ത് ഇന്ത്യയിലും, കേരളത്തിലും അധ്യാപക വൃത്തി നടത്തിയിട്ടുണ്ട്. നായത്തോട് കവരപ്പറമ്പ് മേനാച്ചേരി കുടുംബാംഗം മനോജാണ് ഭർത്താവ്. മക്കൾ: അനഘ തെരേസ മനോജ്, അലോന ആൻ മനോജ്.