കൊച്ചി: ഇത്തവണ ജില്ലയിൽനിന്ന് സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 32,530 പേർ. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലായാണ് ഇത്രയും റെഗുലര്‍ കുട്ടികളും ഒമ്പത് സ്വകാര്യ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നത്.
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് നാലിന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിന് അധ്യാപകരെ നിയോഗിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നു. 51 ക്ലസ്റ്ററുകളിലായി (എറണാകുളം- 17, ആലുവ- 17, മൂവാറ്റുപുഴ- ഒമ്പത്, കോതമംഗലം- എട്ട്) തിരിച്ചിട്ടുള്ള പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ ട്രഷറികളിലും ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒമ്പത് ക്ലസ്റ്ററുകളിലെ ബാങ്കുകളിലും കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ മാമലക്കണ്ടം ഗവ. ഹൈസ്കൂളിലും സൂക്ഷിക്കും.
ജില്ലയില്‍ നാല് വിദ്യാഭ്യാസ ജില്ലകളിലായി 322 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം- 100, ആലുവ- 111, മൂവാറ്റുപുഴ- 54, കോതമംഗലം- 53 എന്നിങ്ങനെയാണ് പരീക്ഷ കേന്ദ്രങ്ങള്‍. പരീക്ഷ കേന്ദ്രങ്ങളിലെ പരിശോധനക്ക് ഗവൺമെന്റ് സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ ജില്ല, വിദ്യാഭ്യാസജില്ല തലങ്ങളിലും പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വിതരണത്തിന് ക്ലസ്റ്ററുകള്‍ തിരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാർഥികള്‍ക്കുള്ള സഹായങ്ങള്‍ (അധിക സമയം, വ്യാഖ്യാതാവിന്റെ സേവനം, സ്ക്രൈബ്) ആവശ്യമുള്ളിടത്ത് നല്‍കും.
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹൈസ്കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നത്- 527. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മൂവാറ്റുപുഴ എന്‍.എസ്.എസ് ഹൈസ്കൂളിലും ശിവന്‍കുന്ന് ഗവ. ഹൈസ്കൂളിലുമാണ് ഏറ്റവും കുറവ് വിദ്യാർഥികള്‍. ഒരാള്‍ വീതമാണ് ഇവിടെ പരീക്ഷയെഴുതുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.