പറവൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ ഓഫിസായ പറവൂർ സബ് ആർ.ടി ഓഫിസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നത് പതിവായി. ദുരിതത്തിനിടയാക്കുന്നത് സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഇവിടെ എത്തുന്നവരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയും നേരത്തെ തന്നെയുണ്ട്. ഇതിനിടെയാണ് ട്രാൻസ്പോർട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റുകളും ഡ്രൈവിങ് ടെസ്റ്റ് മുടക്കവും നിത്യ സംഭവമായിരിക്കുന്നത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനെടുക്കുന്ന കാലതാമസം ഏറെയാണ്. ഡ്രൈവിങ് ടെസ്റ്റിൽ വിദ്യാർഥികളെ മനഃപൂർവം തോൽപിക്കുന്നുവെന്ന പരാതി തുടങ്ങിയിട്ട് കാലമേറെയായി.
കഴിഞ്ഞയാഴ്ച രണ്ട് ദിവസവും അതിന് മുമ്പത്തെ ആഴ്ച ഒരുദിവസവും മാത്രമാണ് ടെസ്റ്റ് നടന്നതെന്നും രണ്ട് മാസമായി ഇതുതന്നെയാണ് അവസ്ഥയെന്നുമാണ് പരാതി. ഓൺലൈനായി അപേക്ഷ നൽകിയാണ് ഫിറ്റ്നസ് ടെസ്റ്റിന് സ്ലോട്ട് എടുക്കുന്നത്. മുൻ ദിവസങ്ങളിൽ സ്ലോട്ട് എടുത്തവർ വീണ്ടും പുതിയ സ്ലോട്ട് എടുത്തുകാത്തിരിക്കേണ്ട സ്ഥിതിയാണ്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം റോഡിൽ ഇറക്കാൻ കഴിയില്ല. പിടിക്കപ്പെട്ടാൽ ചെറിയ വാഹനങ്ങൾക്ക് 3,000 രൂപയും വലിയ വാഹനങ്ങൾക്ക് 7,500 രൂപയും പിഴ അടക്കേണ്ടി വരും. എന്നാൽ ആഴ്ച്യിൽ നാല് ദിവസം ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നുണ്ടെന്നാണ് ജോയിൻറ് ആർ.ടി.ഒ പറയുന്നത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ കൊടുത്താൽ ഒരു മാസം കഴിഞ്ഞാലും അപ്രൂവൽ കിട്ടുന്നില്ല. പുതിയ ഉടമയുടെ പേരിൽ ആർ.സി ബുക്ക് കിട്ടാൻ മൂന്നു മാസത്തിലേറെ സമയമെടുക്കുന്നു. ഡ്രൈവിങ് സ്കൂളുകളുമായുള്ള തർക്കത്തെ തുടർന്ന് മനഃപൂർവം വിദ്യാർഥികളെ തോൽപിക്കുന്നതായും പരാതി വ്യാപകമാണ്. സാധാരണയായി ലൈസൻസ് പുതുക്കാൻ കൊടുത്താൽ ഒരാഴ്ചക്കുള്ളിൽ പുതുക്കി കിട്ടിയിരുന്നു. എന്നാൽ, സെപ്റ്റംബറിൽ പുതുക്കാൻ അപേക്ഷ കൊടുത്തിട്ട് ഇപ്പോഴും കിട്ടാത്തവരുണ്ട്. വാഹനങ്ങളുടെ പെർമിറ്റിനായി ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. എന്നാൽ, പറവൂരിൽ അപേക്ഷ നേരിട്ട് നൽകേണ്ടി വരുന്നതിനെതിരെയും പരാതി ഉയരുന്നുണ്ട്.
ടെസ്റ്റുകൾ മുടങ്ങുന്നത് രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരിൽ ഒരാൾ അവധിയിലായതിനാലാണെന്നാണ് അധികൃതർ പറയുന്നത്. തുടർച്ചയായി ടെസ്റ്റ് മുടങ്ങുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ബദൽ സംവിധാനം ഒരുക്കണമെന്നാണ് വാഹന ഉടമകളുടെയും വിദ്യാർഥികളുടെയും ആവശ്യം.
സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കാനും എല്ലാ ടെസ്റ്റുകളും സമയബന്ധിതമായി നടത്താനും അടിയന്തര നടപടിയുണ്ടാകണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ആവശ്യപ്പെട്ടു.