മട്ടാഞ്ചേരി: തേവര-കുണ്ടന്നൂർ പാലം അടച്ചുപൂട്ടിയതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊച്ചിക്കാർ. അറ്റകുറ്റപ്പണികൾക്കായി പാലങ്ങൾ അടച്ചതോടെ രാവിലെ വാഹനങ്ങൾ മണിക്കുറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. തോപ്പുംപടിയിൽനിന്ന് തേവര കടന്ന് നഗരത്തിലെത്താൻ ചൊവ്വാഴ്ച രാവിലെ രണ്ടു മണിക്കൂർ വരെ സമയമെടുത്തു. ഇരുചക്ര വാഹനങ്ങളടക്കം ഗതാഗത കുരുക്കിൽപ്പെട്ടതോടെ യാത്ര ദുരിതം ഏറി.
ചൊവ്വാഴ്ച മുതലാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ എന്നീ പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്. ഓഫിസുകളിൽ സമയത്തിനെത്താൻ കഴിഞ്ഞില്ലെന്നാണ് യാത്രക്കാരുടെ പരാതി. ദിവസ വേതന ജോലിക്കാർക്ക് സമയത്തിന് ജോലി സ്ഥലത്ത് എത്താൻ കഴിയാത്തതിനാൽ തിരിച്ചുപോരേണ്ടി വന്നതായും പരാതിയുണ്ട്.
ഗതാഗത നിയന്ത്രണത്തിലെ വീഴ്ചയാണ് രാവിലെ ഇത്രയും വലിയ ഗതാഗതക്കുരുക്കിന് കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടുതൽ നിർമാണ യൂനിറ്റുകൾ ഏർപ്പെടുത്തി പാലത്തിന്റെ നവീകരണം എത്രയുംവേഗം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒരു മാസം നിർമാണം നീളുമ്പോൾ അത് ഏറെ ബാധിക്കുന്നത് ദിവസവേതനക്കാരായ തൊഴിലാളികളെയാണ്. ആയതിനാൽ കഴിയുന്നത്ര നേരത്തെ അറ്റകുറ്റപണികൾ തീർക്കണമെന്ന് വിവിധ സംഘടനകളും ആവശ്യപ്പെടുന്നു.