കൊച്ചി: എറണാകുളം ജില്ല, കൊച്ചി കോർപറേഷൻ തദ്ദേശ അദാലത്തുകളിൽ ആകെ 1,017 ഫയലുകൾ തീർപ്പാക്കി. 601 പരാതികൾ മുൻകൂട്ടി ഓൺലൈനിലും 416 പരാതികൾ നേരിട്ടുമാണ് ലഭിച്ചത്. ഓൺലൈനിൽ ലഭിച്ചതിൽ 551 പരാതികളും നേരിട്ട് ലഭിച്ചതിൽ 214 പരാതികളും തീർപ്പാക്കി.
ഓൺലൈനിൽ ലഭിച്ച 17 പരാതികൾ നിരസിച്ചു. നേരിട്ട് ലഭിച്ചതിൽ 202 പരാതികൾ തുടർപരിശോധനക്ക് വിട്ടു. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എസ്. സാംബശിവ റാവു, അർബൻ ഡയറക്ടർ സൂരജ് ഷാജി, ചീഫ് എൻജിനീയർ സന്ദീപ് കെ.ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, ജോയിന്റ് ഡയറക്ടർ പ്രദീപ് കുമാർ എന്നിവർ രണ്ട് ദിവസങ്ങളിലായി അദാലത്തിന് നേതൃത്വം നൽകി.
അൻസിലക്കും കുടുംബത്തിനും ഇനി സ്വന്തം വീട്
ഇടക്കൊച്ചി സ്വദേശി അൻസിലക്ക് ലൈഫ് പി.എം.എ.വൈ പദ്ധതി പ്രകാരമാണ് വീട് ലഭിച്ചത്. പദ്ധതിയുടെ മൂന്ന് ഗഡു തുക ലഭിക്കുകയും ചെയ്തു. എന്നാൽ പെർമിറ്റ് എടുത്തത് പ്രകാരമല്ല വീട് പൂർത്തിയാക്കിയതെന്ന കാരണത്താൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ നാലാം ഗഡു ലഭിച്ചില്ല. വീട് പൂർത്തിയാക്കാൻ ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടിവന്നു. ഈ കാലയളവിൽ ഭർത്താവിന്റെ മരണവുമുണ്ടായി. അൻസിലയുടെ താൽക്കാലിക ജോലിയെ ആശ്രയിച്ചാണ് രണ്ട് മക്കളുള്ള കുടുംബം കഴിയുന്നത്. വീടിന് പൂർത്തീകരണ സർട്ടിഫിക്കറ്റും നമ്പറും കിട്ടാത്തതിനാൽ വാടകവീട്ടിലാണിപ്പോൾ.
തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ നിർദേശ പ്രകാരം അൻസിലക്ക് വേണ്ടി മാത്രം ജില്ല ജോയിന്റ് ഡയറക്ടർ, ജില്ലാ ടൗൺ പ്ലാനർ, കോർപ്പറേഷൻ സെക്രട്ടറി, അസി. എൻജിനീയർ എന്നിവർ അംഗങ്ങളായ ജില്ലാ സമിതി യോഗം ചേർന്നു. 2024ലെ കെട്ടിട നിർമ്മാണ ക്രമവത്കരണ ചട്ട പ്രകാരം ക്രമവത്കരണ ഫീസ് ആയ 3,000 രൂപ അടച്ച് നിബന്ധനകളോടെ അൻസിലക്ക് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു. മൂന്ന് സെന്റിന് താഴെയുള്ള സ്ഥലത്ത് നടത്തിയ ലൈഫ്-പി.എം.എ.വൈ ഭവനം ആയതിനാലാണ് ഇളവുകൾ ലഭിച്ചത്. കൊച്ചി മേയറും ഡെപ്യൂട്ടി മേയറും ക്രമവത്കരണ ഫീസായ 3,000 രൂപ ഇളവ് നൽകുമെന്നും മന്ത്രിയെ അറിയിച്ചു.