കൊച്ചി: ഒന്നര പതിറ്റാണ്ട് കാത്തിരുന്നിട്ടും ശാപമോക്ഷമില്ലാതെ കിഴക്കമ്പലം-നെല്ലാട് റോഡ്. എറണാകുളം-തേക്കടി ഹൈവേയിൽ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുളള 14 കിലോമീറ്റർ റോഡിനാണീ ദുർവിധി. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുറവിളി ഉയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതിനായി ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറി. ശോച്യാവസ്ഥ കോടതിയും കയറി. ഫണ്ട് അനവദിച്ചെന്ന പ്രഖ്യാപനവും പലവട്ടം വന്നു. എന്നാൽ റോഡ് മാത്രം നന്നായില്ല.
തീരാ ദുരിതം
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുളളവർക്ക് ജില്ല ആസ്ഥാനത്തേക്കെത്തുന്നതിനുളള പ്രധാന വഴിയാണിത്. റോഡ് ശോച്യാവസ്ഥയുടെ ഇരകളാകുന്നത് ആയിരക്കണക്കിന് ജനങ്ങളാണ്. കുന്നത്തുനാട് മണ്ഡലാതിർത്തിയായ നെല്ലാടിനും മനക്കകടവിനും ഇടയിലുളള ഭാഗത്താണ് എക്കാലവും പ്രതിസന്ധി രൂക്ഷമാകുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിന്റെ ഭാഗമായ വാഴപ്പിളളി മുതൽ നെല്ലാട് വരെയും തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായ കാക്കനാട് മുതൽ മനക്കകടവ് വരെയുളള ഭാഗത്തും കാലകാലങ്ങളായി അറ്റകുറ്റപ്പണി നടത്താറുണ്ട്. കുന്നത്തുനാട് മണ്ഡലത്തിലുൾപ്പെടുന്ന റോഡ് ഭാഗത്ത് അവസാനം പുനർനിർമാണം നടന്നത് ഒന്നര പതിറ്റാണ്ട് മുമ്പാണ്. റോഡ് തകർച്ചക്കെതിരെ പ്രതിഷേധം ശക്തമാക്കിയതോടെ മനക്കകടവ്-നെല്ലാട് റോഡ് അടക്കം മൂന്ന് റോഡുകളുടെ നിർമാണം നടത്തുന്നതിനായി 2018ൽ 32.6 കോടി അനുവദിച്ചു. എന്നാൽ മനക്കകടവ്-പള്ളിക്കര, പട്ടിമറ്റം-പത്താംമൈൽ റോഡുകളുടെ പണി പൂർത്തിയാക്കിയ കരാറുകാരൻ ബാക്കി പണി ഉപേക്ഷിച്ചു.
മൂന്ന് വർഷം; അറ്റകുറ്റപ്പണിക്കായി നാല് കോടി
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു റോഡിന്റെ തകർച്ച. ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ചുമതലയേറ്റ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ശോച്യാവസ്ഥ കാണാൻ നേരിട്ടെത്തി. പുനർനിർമാണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപനവും നടത്തി. എന്നാൽ തുടർനടപടികൾ ഇഴഞ്ഞു. മൂന്ന് വർഷം പിന്നിടുമ്പോൾ അറ്റകുറ്റപ്പണിക്കായി മാത്രം നാല് കോടിയോളം രൂപയാണ് റോഡിൽ പൊടിച്ചത്. കിഴക്കമ്പലം മുതൽ നെല്ലാട് വരെയുളള 14 കിലോമീറ്റർ ഭാഗത്താണ് ഇത് ചെലവിട്ടത്. എന്നാൽ ഒരു പ്രയോജനവുമുണ്ടായില്ല. അറ്റകുറ്റപണികളുടെ ചൂടാറും മുന്നേ റോഡിൽ കുഴികൾ നിറഞ്ഞു.
ഇത് മൂലമുളള അപകടങ്ങളും തുടർക്കഥയായി. റോഡ് തകർന്നതോടെ ഇതു വഴി പോകേണ്ട ചെറുവാഹനങ്ങൾ മറ്റ് സമാന്തര റോഡുകൾ വഴിയാണ് യാത്ര. അതിനാൽ, ആ ആവഴികളിലും കുരുക്ക് രൂക്ഷമാകുന്നു.
പുനർനിർമാണത്തിന് 10.45 കോടി; തുടങ്ങുന്നതിൽ അനിശ്ചിതത്വം
ഏറ്റവുമൊടുവിൽ റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് പുനർനിർമിക്കുന്നതിന് 10.45 കോടി അനുവദിച്ചു. മൂവാറ്റുപുഴ സ്വദേശിയായ കരാറുകാരൻ പ്രവർത്തിയുമെടുത്തു. നടപടികൾ പൂർത്തിയാക്കി ആറു മാസം പിന്നിടുമ്പോഴും നിർമാണം മാത്രം ആരംഭിച്ചില്ല.
ഇതിനിടയിൽ ജൽജീവൻ മിഷൻ പൈപ്പിടലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ മൂലം കരാറെടുത്തയാൾ പണി ഉപേക്ഷിക്കുന്നതായ പ്രചാരണവും വന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം എത്തിയിട്ടില്ല. പ്രവൃത്തികൾ ഏകോപിപ്പിക്കേണ്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തുടരുന്ന അനാസ്ഥയാണ് ഇതിൽ വില്ലനാകുന്നത്.