കൊച്ചി: ‘ഞങ്ങൾക്ക് ഇവിടെ ജീവിക്കണം, കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകണം…’ മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നതിനെതിരെയുണ്ടായ പ്രതിഷേധത്തിനിടെ ജനങ്ങൾ വിളിച്ചുപറഞ്ഞ വാക്കുകളാണ്. ഇത് ഇല്ലിത്തോട്ടിലെ മാത്രം വിഷയമല്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ ജനങ്ങൾ വന്യജീവി ശല്യം ഭയന്നാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ ഏത് നിമിഷവും ജനവാസ മേഖലയിലേക്ക് എത്തിയേക്കുമെന്ന ഭീതിയിലാണ് അവർ. ഏതാനും മാസത്തിനിടെ നിരവധി തവണ ജനവാസ മേഖലകളിലേക്ക് കാട്ടാനയടക്കം വന്യജീവികൾ ഇറങ്ങി. വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലുമെത്തുന്ന മൃഗങ്ങൾ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. കോതമംഗലത്തെ കവളങ്ങാട്, കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിൽ വന്യജീവി ശല്യമുണ്ടാകുന്നുണ്ട്. അങ്കമാലി നിയമസഭ മണ്ഡലത്തിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന അയ്യമ്പുഴ, മലയാറ്റൂർ-നീലീശ്വരം, മൂക്കന്നൂർ, കറുകുറ്റി ഗ്രാമപഞ്ചായത്തുകളിലും വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളുണ്ട്. പല സ്ഥലങ്ങളിലും രാത്രികാലങ്ങളിൽ ഉൾപ്പെടെ ആളുകൾ ഉറക്കമിളച്ചിരുന്ന് പാട്ടയിലടിച്ചും മറ്റും ശബ്ദമുണ്ടാക്കി വന്യജീവികളെ ഓടിക്കേണ്ട സ്ഥിതിയാണ്.
ജനവാസമേഖലയിൽ ഇറങ്ങുന്നത് തുടർക്കഥ
ആഴ്ചകൾക്കിടെ പല തവണ വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങിയ സംഭവമുണ്ടായി. കാലടി പ്ലാൻറേഷന്‍ കോര്‍പറേഷനില്‍ കാട്ടാനകൂട്ടം റേഷന്‍ കട തകര്‍ത്തത് ചൊവ്വാഴ്ചയാണ്. പിണ്ടിമന അയിരൂർപാടത്ത് തുടർച്ചയായ ദിവസങ്ങളിൽ കാട്ടാനയും കാട്ടുപന്നിയുമെത്തി.
കോട്ടപ്പടി ഉപ്പുകണ്ടം കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് ആന ചെരിഞ്ഞ സംഭവവുമുണ്ടായി. മലയാറ്റൂർ ഇല്ലിത്തോട്ടിൽ 13ഓളം വരുന്ന കാട്ടാനക്കൂട്ടം മിനിലോറിയും കുടിവെള്ള ടാങ്കും നശിപ്പിച്ചിരുന്നു. മാമലക്കണ്ടത്തെ ജനവാസ കേന്ദ്രത്തിലും ഇല്ലിത്തോട്, വള്ളിയാംങ്കുളം, മുളംങ്കുഴി പ്രദേശങ്ങളിലും കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന സംഭവങ്ങളുണ്ടായി.
ആറാട്ടുകടവ് ശ്രീദുര്‍ഗാ ദേവീക്ഷേത്രത്തിലെ ചുറ്റുമതിലും പത്തോളം തെങ്ങുകളും നശിപ്പിച്ചു. കറുകുറ്റി പഞ്ചായത്തിലെ മൂന്നൂർപ്പിള്ളി, ഏഴാറ്റുമുഖം വേങ്ങൂര്‍ പഞ്ചായത്തിലെ പാണംകുഴി, പാണിയേലി, കൊച്ചുപുരക്കല്കടവ് മേഖലകളിലും കാട്ടാന ഭീതിയുണ്ട്.
പ്രതിരോധം നടക്കുന്നുണ്ടെന്ന് വനം വകുപ്പ്
മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന് സൗരോർജ വേലികളുടെ നിർമാണം, തൂക്കുസൗരോർജ വേലി നവീകരണം, വാച്ചർമാരെ ഉൾപ്പെടുത്തിയുള്ള പ്രതിരോധം, വനമേഖലകളിൽ ജലസ്രോതസ്സ് ഉറപ്പാക്കൽ, താൽകാലിക ചെക്ക് ഡാമുകളുടെ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ടെന്നാണ് സർക്കാർ വിശദീകരണം. അങ്കമാലി നിയമസഭ മണ്ഡലത്തിൽ ജനജാഗ്രത സമിതികൾ വിളിച്ചുചേർത്ത് നടപടി സ്വീകരിച്ചുവരികയാണെന്ന് വനം വന്യജീവി വകുപ്പ് വ്യക്തമാക്കുന്നു. കോതമംഗലം നിയമസഭ മണ്ഡലത്തിൽ കാട്ടാന സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ മൂന്നിടത്ത് ഏറുമാടം സ്ഥാപിച്ച് നിരീക്ഷണം നടത്തി, കൃഷിയിടങ്ങളിൽ പ്രവേശിക്കുന്ന ആനകളെ കാട്ടിലേക്ക് തിരികെ കയറ്റിവിടുന്നതിന് താൽകാലിക വാച്ചർമാരെ നിയോഗിച്ചു. രാത്രികാല പട്രോളിങും നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. കോതമംഗലം റെയിഞ്ചിലെ പൂച്ചാകുത്ത്-ചീരമല-കാളപ്പാറ-വെളിയൻചാൽ പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി നിർമിക്കുന്നതിന് നബാർഡ്-ആർ.ഐ.ഡി.എഫ് പദ്ധതിയിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും വനം വകുപ്പ് വ്യക്തമാക്കി.
കൃഷിനാശം വ്യാപകം
വന്യമൃഗങ്ങളിലൂടെ വ്യാപക കൃഷി നാശമാണ് ഓരോ മേഖലകളിലുമുണ്ടാകുന്നത്. പിണ്ടിമന അയിരൂർപാടത്ത് മുപ്പതോളം വാഴകളും കപ്പ കൃഷിയും ആനക്കൂട്ടം നശിപ്പിച്ചു.
മാലിപ്പാറയിൽ പൂച്ചക്കുത്ത്, മൈലാംടുപാറ എന്നിവിടങ്ങളിൽ എത്തിയ കാട്ടാന വാഴ, കൊക്കോ, തെങ്ങ്, റബർ തുടങ്ങിയ കൃഷികൾ നശിപ്പിച്ചിരുന്നു. ഏഴാറ്റുമുഖം ഭാഗത്തിറങ്ങിയ ആനക്കൂട്ടം വാഴ, തെങ്ങ്, കവുങ്ങ്, മരച്ചീനി, ജാതി, റമ്പുട്ടാൻ തുടങ്ങിയ കൃഷികൾ നശിപ്പിച്ച സംഭവമുണ്ടായി. വെറ്റിലപ്പാറ, വേട്ടാമ്പാറ എന്നിവടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും കാട്ടാനക്കൂട്ടം പൈനാപ്പിൾ, വാഴകൃഷി എന്നിവ തകർത്തിരുന്നു. കഴിഞ്ഞകാലങ്ങളിലൊന്നും വന്യമൃഗങ്ങൾ ഇറങ്ങിയിട്ടില്ലാത്ത പ്രദേശങ്ങളിൽ അടുത്ത കാലത്ത് വന്യമൃഗങ്ങളെത്തിയത് ഭീതി വർധിപ്പിക്കുന്നു.
കാട്ടാനശല്യം: റോഡ് ഉപരോധിച്ച് നാട്ടുകാർ
കാലടി: മലയാറ്റൂര്‍, അയ്യമ്പുഴ തുടങ്ങിയ മലയോര മേഖലകളില്‍ തുടര്‍ച്ചയായി കാട്ടാനകള്‍ ഉള്‍പ്പെടെയുളള വന്യമൃഗങ്ങള്‍ ഇറങ്ങുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാർ ബുധനാഴ്ച്ച രാവിലെ മുതല്‍ കാടപ്പാറ-മുളംങ്കുഴി റോഡ് ഉപരോധിച്ചു.
സ്ത്രീകളും കുട്ടികളും വയോധികരുമടക്കം അഞ്ഞൂറോളം പേരാണ് ഉപരോധത്തിൽ പങ്കെടുത്തത്. വനപാലകര്‍ അടക്കമുളളവരെ തടഞ്ഞുവെച്ചും വനം വകുപ്പ് ജീപ്പുകള്‍ പോകാന്‍ അനുവദിക്കാതെയുമായിരുന്നു സമരം. ജില്ല കലക്ടര്‍ സ്ഥലത്ത് എത്തി പരിഹാരം നിർദേശിക്കണമെന്നായിരുന്ന പ്രതിഷേധക്കാരുടെ ആവശ്യം. ഉച്ചക്ക് ഒരു മണിയോടെ സബ് കലക്ടര്‍ കെ. മീര സ്ഥലത്തെത്തി പരിഹാര നിർദേശങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിച്ചത്.
അടിക്കാടുകള്‍ വെട്ടിതെളിക്കുന്നത് ഉൾപ്പെടെ ഒരാഴ്ച്ച കൊണ്ട് നടപ്പിലാക്കുമെന്നും നിരീക്ഷണത്തിന് മൂന്നു വാച്ചര്മാരുള്ളത് ആറായി വർധിപ്പിക്കുമെന്നും അവർ പറഞ്ഞു. ട്രഞ്ച് നിർമിക്കാനുളള പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. സോളാര്‍ ഫെന്‍സിങ് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പൂര്‍ത്തിയാക്കും.
അടുത്ത ആഴ്ച്ച കലക്ടര്‍, ഡി.എഫ്.ഒ എന്നിവരുടെ നേതൃത്വത്തില്‍ ഇപ്പോഴെടുത്ത തീരുമാനങ്ങളുടെ അവലോകനം നടത്തും. ആനകളുടെ ജഡം സംസ്കരിക്കുന്ന തുണ്ടം ഫോറസറ്റ് റെയ്ഞ്ചില്‍പ്പെട്ട പെരുംതോട്ടില്‍ മറ്റു മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി ആനകളുടെ ജഡം ഉപേക്ഷിക്കുകയും ഇത് അഴുകി പെരിയാറിലെത്തുന്നതും തടയും. വാല്പാറ, ഇടമലയാര്‍, അതിരപ്പിളളി തുടങ്ങി മറ്റ് വനമേഖലയില്‍ നിന്ന് പിടികൂടുന്ന പുലി, കടുവ ഉള്‍പ്പെടെയുളള വന്യജീവികളെ ഈ മേഖലയില്‍ തുറന്നുവിടുന്നത് പരിശോധിക്കാമെന്നതടക്കം നിർദേശങ്ങള്‍ സബ് കലക്ടര്‍ സമരക്കാരെ അറിയിച്ചു. ആലുവ തഹസില്‍ദാര്‍ രമ്യ എസ്. നമ്പൂതിരി, വില്ലേജ് ഓഫീസര്‍ സുധീഷ് കർമ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.