തൃപ്പൂണിത്തുറ: ഗതാഗത തിരക്കേറിയ വൈക്കം -തൃപ്പൂണിത്തുറ റോഡിലെ ഉദയംപേരൂർ പത്താംമൈൽ അപകടമേഖലയായി. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ ഉദയംപേരൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്.
പലപ്പോഴായി പത്തോളം അപകട മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. വീതി കുറഞ്ഞ റോഡിൽ വാഹനയാത്രക്കാർക്ക് അപകടക്കുരുക്ക് സൃഷ്ടിക്കുകയാണ് റോഡിലെ മീഡിയൻ. കൊടും വളവും വീതികുറവും കാരണം വാഹനങ്ങൾ എതിർവശത്തെ റോഡിലേക്ക് കടക്കാതിരിക്കാൻ സുരക്ഷ മുൻനിർത്തി നിർമിച്ച മീഡിയനാണ് ഇപ്പോൾ ഏറ്റവുമധികം അപകടങ്ങൾ സൃഷ്ടിക്കുന്ന ഇടമായി മാറിയിരിക്കുന്നത്.
മീഡിയനിൽ വാഹനങ്ങൾ ഇടിച്ചു കയറി ചെറുതും വലുതുമായുണ്ടാകുന്ന അപകടങ്ങൾ ഒട്ടേറെയാണ്. റോഡിൽനിന്ന് അധികം ഉയരത്തിലല്ലാതെയുള്ള മീഡിയന് ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കത്തക്ക വിധം നിറം പോലുമില്ല.
വാഹനങ്ങൾ മീഡിയനോട് വളരെ അടുത്തെത്തുമ്പോഴാണ് തിരിച്ചറിയുന്നത്. രാത്രികാലങ്ങളിലാണ് സ്ഥിതി ഗുരുതരമാകുന്നത്. മഴയുണ്ടെങ്കിൽ സ്ഥിതി അതിലും മോശമാണ്. റോഡിന് നടുവിൽ നെടുനീളത്തിലുള്ള മീഡിയൻ ആരുടെയും കണ്ണിൽപ്പെടില്ല.
ഭാഗ്യം കൊണ്ടു മാത്രമാണ് പലരും ഇവിടെ നിന്ന് അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. പൂത്തോട്ട റോഡിന്റെ വികസനം അനിശ്ചിതമായി നീളുന്നത് കൊണ്ട് തന്നെ പത്താംമൈലിലെ അപകടവളവിന് എന്ന് ശാപമോക്ഷം കിട്ടുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. മീഡിയൻ കാണുന്ന രീതിയിൽ പെയിൻറിങ്ങും റിഫ്ലക്ടറും സ്ഥാപിക്കണമെന്നും എത്രയും വേഗം ഇതിന് പരിഹാരം കാണാൻ അധികൃതർ തയാറാവണമെന്ന ആവശ്യവും ശക്തമാണ്.
നാടിന്റെ നൊമ്പരമായി യുവാക്കളുടെ മരണം
തൃപ്പൂണിത്തുറ: ഉദയംപേരൂർ പത്താം മൈലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാക്കൾക്ക് നാടിന്റെ യാത്രാമൊഴി. ഉദയംപേരൂർ പത്താംമൈലിൽ ബൈക്ക് മീഡിയനിൽ ഇടിച്ച് തെറിച്ച് കാറിനടിയിലേക്ക് വീണ് മരിച്ച ഉദയംപേരൂർ 18ാം വാർഡ് അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എം.എൽ.എ റോഡിന് സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവരുടെ സംസ്കാരമാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തിയത്.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ഉദയംപേരൂരിനെ ഞെട്ടിച്ച അപകടം. കൊച്ചുപള്ളി ഭാഗത്തു നിന്നു ഉദയംപേരൂർ ഭാഗത്തേക്ക് വന്ന യുവാക്കളുടെ ബൈക്ക് പത്താംമൈലിലെ മീഡിയന്റെ അവസാന ഭാഗത്ത് വച്ച് മീഡിയനിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
അപകടസ്ഥലത്തു തന്നെ മരണപ്പെട്ട യുവാക്കളുടെ മൃതദേഹം ഉദയംപേരൂർ പൊലീസെത്തിയാണ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്ത മൃതദേഹങ്ങൾ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ സംസ്കരിച്ചു. ഇന്ദുചൂഡന്റെ മാതാവ്: രജനി. സഹോദരി: ഇന്ദുലേഖ. ആദിത്യന്റെ മാതാവ്: അജിത. സഹോദരൻ: അഭിനന്ദ്.