പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. 18 വര്‍ഷമായി മഴവെള്ളം ഒഴുകിപ്പോകാന്‍ സാധിക്കാത്ത തരത്തില്‍ രണ്ട് വ്യക്തികളാണ് പഞ്ചായത്ത് കാര്യാലയത്തിന് സമീപം തോട് കൈയേറിയിരുന്നത്. മൂന്നാഴ്ചമുമ്പ് പെയ്ത മഴയെത്തുടർന്ന് തോട് കവിയുകയും ഇരുപതോളം വീടുകളില്‍ വെള്ളം കയറി 13 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായത്. തുടർന്ന് പഞ്ചായത്ത് ഭരണസമിതി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
എല്ലാ മഴക്കാലത്തും നിരവധി കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തഹസില്‍ദാറും ഇടപെട്ടതോടെ സംഭവം ഗൗരവതരമായി. തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ ഇടപെടലുമുണ്ടായി. തുടര്‍ന്ന് താലൂക്ക് സര്‍വേയറുടെ മേല്‍നോട്ടത്തില്‍ കൈയേറ്റം അളന്ന് തുടര്‍നടപടികളിലേക്ക് കടന്നു.
കൈയേറ്റ ഭാഗങ്ങള്‍ വ്യക്തമായതോടെയാണ് ബുധനാഴ്ച പൊളിച്ചുനീക്കൽ ആരംഭിച്ചത്. തോടിന്റെ ഇരുഭാഗത്തുനിന്നും യന്ത്രങ്ങളുടെ സഹായത്തോടെയാണ് പൊളിക്കുന്നത്. 2012 മുതലാണ് ഇവിടെ കൈയേറ്റമുണ്ടായതെന്നും അഞ്ച് മീറ്ററില്‍ അധികമുണ്ടായിരുന്ന തോടിന്റെ വീതി ഒരുമീറ്ററായി ചുരുങ്ങിയെന്നുമായിരുന്നു നാട്ടുകാരുടെ ആരോപണം. കെട്ടിടത്തിന്റെ അനധികൃത നിര്‍മാണം ഉൾപ്പെടെ വ്യാഴാഴ്ച പൊളിച്ചുമാറ്റി. രണ്ട് തൂണുകൾകൂടി പൊളിച്ചുനീക്കി നീരൊഴുക്ക് സുഗമമാക്കും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇത്തരം കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.