മൂവാറ്റുപുഴ: നഗരത്തിൽ എട്ടുപേരെ കടിച്ച് പരിക്കേൽപിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തെരുവു നായ്ക്കളെയും പിടികൂടി ഷെൽട്ടറിൽ പാർപ്പിച്ച് നിരീക്ഷിക്കാൻ നീക്കം. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗത്തിലാണ് തീരുമാനം. സ്റ്റേഡിയത്തിനു സമീപം അടഞ്ഞുകിടക്കുന്ന നഗരസഭയുടെ ആധുനിക ഫിഷ് മാർക്കറ്റ് മന്ദിരം ഷെൽട്ടറായി ഉപയോഗപ്പെടുത്തും. അടിയന്തരമായി കെട്ടിടത്തിൽ അറ്റകുറ്റപ്പണി തീർത്ത് ചൊവ്വാഴ്ച മുതൽ തന്നെ നായ്ക്കളെ പിടികൂടി ഇവിടെ പാർപ്പിച്ച് വാക്സിൻ നൽകും.
നായ്ക്കളെ പിടികൂടാൻ കോട്ടയത്തുനിന്ന് വിദഗ്ധ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കടിയേറ്റ മുഴുവൻ പേർക്കും ഇതിനകം രണ്ട്ഡോസ് വാക്സിൻ ലഭ്യമാക്കി കഴിഞ്ഞു. 16നും 24നുമാണ് ഇനി കുത്തിവെപ്പ് നൽകേണ്ടത്. ഇത് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കളെയും വീണ്ടും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും.
വളർത്തുനായ് ആക്രമണം നടത്തിയ നാല് വാർഡിലെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി ഷെൽട്ടറിൽ അടച്ചശേഷം 10 ദിവസം നിരീക്ഷണം നടത്താനും തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു. നഗരത്തിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കൾക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച പരിശോധനയും നടപടിയും ചൊവ്വാഴ്ച തന്നെ ആരംഭിക്കും. നായ്ക്കളടക്കം മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തും.