ആലുവ: പെരിയാറിലെ അനധികൃത മണൽവാരൽ തുരുത്ത് റെയിൽവേ പാലത്തിന് ഭീഷണിയാകുന്നു. തുരുത്ത് കേന്ദ്രീകരിച്ച് നടക്കുന്ന മണൽ ഖനനമാണ് പാലത്തിന് ഭീഷണിയായിരിക്കുന്നത്. പാലത്തെ താങ്ങിനിർത്തുന്ന കോൺക്രീറ്റ് തൂണുകൾക്ക് സമീപമാണ് വൻതോതിൽ മണൽ ഖനനം.
തുരുത്ത് എസ്.എൻ കടവിനോട് ചേർന്നാണ് മണൽ വാരുന്നതും കൂട്ടിയിടുന്നതും. ഇതിനായി കടവിനോട് ചേർന്ന തെരുവുവിളക്കുകൾ നശിപ്പിച്ചിരിക്കുകയാണ്. പാലത്തിന് സമീപത്തുനിന്ന് രാത്രിയുടെ മറവിൽ മണൽവാരി എസ്.എൻ കടവിൽ കൂട്ടിയിടുകയും അവിടെനിന്ന് ലോറികളിൽ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയുമാണ് ചെയ്യുന്നത്. പ്രാദേശികരായ മണൽ മാഫിയ സംഘങ്ങളാണ് കടത്തിന് പിന്നിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവൃത്തികൾ നടത്തുന്നതെന്ന് ആരോപണമുണ്ട്.
ഇതിനെതിരെ പലർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അനധികൃത ഖനനം റെയിൽവേ പാലത്തിന്റെ കോൺക്രീറ്റ് തൂണുകളെ അപകടത്തിലാക്കും. നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാതായതോടെ പൊതുപ്രവർത്തകനായ കെ.എ. അബ്ദുൽ റഷീദ് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഡി.ജി.പി, ജില്ല കലക്ടർ, റൂറൽ എസ്.പി തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾക്ക് കുടിവെള്ള വിതരണത്തിനുള്ള പ്രധാന ഉറവിടം പെരിയാർ നദിയാണ്.
അനധികൃത ഖനനം നദിയിലെ ജലലഭ്യതയെ ഇല്ലാതാക്കിയതായും പരാതിയിൽ പറയുന്നു. നദിയുടെ ആഴം കൂട്ടാൻ ഖനന തൊഴിലാളികൾ അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുന്നത് നദിയിലെ ജീവികളെയും ബാധിച്ചു. ആലുവ മണപ്പുറം ക്ഷേത്രത്തിൽ ആരാധനക്ക് എത്തുന്നവരടക്കം പെരിയാറിലെ മണൽക്കുഴികളിൽ മുങ്ങി മരിക്കുന്നത് പതിവാണ്. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന കാര്യത്തിലടക്കം ഉദ്യോഗസ്ഥർ മൗനത്തിലാണെന്നും പരാതിയിൽ ആരോപിക്കുന്നു.