കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾവഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനംചെയ്തു. പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ അർബൻ ട്രാൻസ്പോർട്ട് വിഭാഗം അഡീഷനൽ ജനറൽ മാനേജർ ടി.ജി. ഗോകുൽ, ജില്ല ഓട്ടോ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എം.ബി. ശ്യാമന്ദഭദ്രൻ, സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, സൈമൺ ഇടപ്പള്ളി, വൺഡി സ്മാർട്ട് മൊബിലിറ്റി സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഗതാഗത സേവനങ്ങൾ നവീകരിക്കുന്നതിലും ഫീഡർ സർവിസുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ് മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകൾ. ഫീഡർ ഓട്ടോ യാത്രക്കായുള്ള നിരക്കുകൾ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, യു.പി.ഐ ആപ്പുകൾ വഴി സ്വീകരിക്കുമെന്നതാണ് പ്രധാന ആകർഷണം. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും പണമടക്കാം. സംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോറിക്ഷകളിൽ പി.ഒ.എസ് മെഷീനുകൾ സജ്ജീകരിക്കുന്നത്.
യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതുകൾ ഓട്ടോ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതുവഴി നിരക്കിലുൾപ്പെടെ സുതാര്യത ഉറപ്പാക്കാൻ സാധിക്കും. ഫീഡർ ഓട്ടോകളിലെ പേമെന്റ് 100 ശതമാനം ഡിജിറ്റലാക്കാനും ഇത് ഉപകരിക്കും. ജില്ല ഓട്ടോ ഡ്രൈവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി, വൺഡി സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.