കൂത്താട്ടുകുളം: അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. തിരുമാറാടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുമരകം-കമ്പംമേട്ട് ഹൈവേയിൽ ഒലിയപ്പുറം-ഉപ്പുകണ്ടം പ്രദേശങ്ങളിൽ ചേലപ്പുറം താഴം, നിരപ്പത്താഴം, കുഴിക്കാട്ടുകുന്ന് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു.
വെട്ടിക്കാട്ടുപാറ കാഞ്ഞിരംപാറയിൽ സോമന്റെ വീട്ടിന് മുകളിലേക്ക് തെങ്ങ് വീണ് നാശനഷ്ടങ്ങളുണ്ടായി. കൂത്താട്ടുകുളം നഗരസഭയിലെ കാഴ കൊമ്പ് അക്വഡേറ്റിനുസമീപം മരം കടപുഴകി. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് ഒലിയപ്പുറം ഉപ്പുകണ്ടം റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും മണിക്കൂറുകൾ നീണ്ട പരിശ്രമത്തോടെ മരങ്ങൾ മുറിച്ചുനീക്കി റോഡ് ഭാഗികമായി ഗതാഗതയോഗ്യമാക്കി. ഇതിനിടയിൽ റോഡിൽ വീണ മരങ്ങൾക്കിടയിലേക്ക് ഇരുചക്ര വാഹനയാത്രികൻ ഇടിച്ചുകയറി അപകടമുണ്ടാകുകയും ചെയ്തു. വെട്ടിക്കാട്ടുപാറ റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഒലിയപ്പുറം പ്രദേശത്തുണ്ടായത്.