കുന്നത്തുനാടിന്റെ സമഗ്രവികസനത്തിന് വഴിതുറക്കുമെന്ന് പ്രതിക്ഷിച്ച കടമ്പ്രയാര്‍ ഇക്കോഫാമിങ് ടൂറിസം പദ്ധതി പാതിവഴിയില്‍ താളം തെറ്റി. 2006-07 വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തി പ്രഖ്യാപിച്ച ഇത് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
കമ്പ്രയാർ നവീകരണം, പഴങ്ങനാട് പുതുശേരികടവ്, മനക്കേകടവ് പ്രദേശങ്ങളില്‍ ജെട്ടി നിർമാണം, വിദേശികള്‍ക്ക് വിശ്രമിക്കാനും നാടന്‍കലകള്‍ ആസ്വദിക്കാനുമുള്ള ഹോട്ടലുകളുടെ നിർമാണം, ചൂണ്ടയിടാൻ സംവിധാനം, കടമ്പ്രയാറിലൂടെ ബോട്ട് സര്‍വീസ് എന്നിവയെല്ലാം പടിപടിയായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്.
കടമ്പ്രായാറിന്റെ ഭാഗിക നവീകരണവും പഴങ്ങനാട് പുതുശേരികടവിലെ ഹോട്ടല്‍ നിർമാണവും പുതുശേരികടവിലും മനക്കേകടവിലും ഓരോ തൂക്ക് പാലവും മാത്രമാണ് പൂർത്തിയായത്. നടപ്പാതയില്‍ നിർമിച്ച കൈവരികള്‍ തുരുമ്പെടുത്ത് നശിച്ചു. ടൈലുകൾ പല സ്ഥലത്തും പൊട്ടി. സൂക്ഷിച്ച് നടന്നില്ലെങ്കിൽ സന്ദർശകർ വെള്ളത്തിൽ വീഴുമെന്ന അവസ്ഥയാണ്. പൊലീസിന്റെ വേണ്ടത്ര ശ്രദ്ധ ഇല്ലാതായതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി. പുതുശേരികടവിലെ ഹോട്ടലും പൂട്ടി.
വെള്ളക്കെട്ട് മൂലം കൃഷിയൊഴിഞ്ഞ ഹെകടര്‍ കണക്കിന് പാടശേഖരങ്ങളാണ് കടമ്പ്രയാറിന്റെ ഇരുവശങ്ങളിലും. ചളിയും പായലും നിറഞ്ഞ കടമ്പ്രയാര്‍ നവീകരിച്ചാലേ വെള്ളക്കെട്ടിന് പരാഹരമാകു. കാർഷികമേഖലയായ കുന്നത്തുനാടിന് പുതുജീവന്‍ നല്‍കാനും കടമ്പ്രായാറിന്റെ നവീകരണം അനിവാര്യമാണ്. ഇതിനായി കടമ്പ്രയാറിന്റെ കൈവഴികള്‍ പുനരുദ്ധരിച്ച് തടയണ നിര്‍മ്മിക്കണം.
കടമ്പ്രയാറിലും കൈവഴികളിലും ചളിയും പുല്ലും കുളവാഴകളും പാഴ്ചെടികളും വളര്‍ന്ന് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. തോടുകളുടെ പുനരുദ്ധാരണമാണ് കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമത്തിനും കൃഷിനശീകരണത്തിനും പരിഹാരം. കടമ്പ്രയാറിന്റെ നവീകരണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നെങ്കിലും തോടുകള്‍ നന്നാക്കാൻ പദ്ധതി തയാറാക്കിയിരുന്നില്ല.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കൈവഴികളിലൂടെയാണ് കടമ്പ്രയാറിലും തോടുകളിലും വെള്ളം എത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ ചില തോടുകള്‍ പുനരുദ്ധരിച്ച് തടയണ നിർമിച്ചെങ്കിലും കുന്നത്തുനാട് പഞ്ചായത്തില്‍ ഒരു നടപടിയും ഉണ്ടായില്ല.
പാലക്കുഴി തോട്, മാതകുളങ്ങര തോട്, പുതുശ്ശേരി കടവ് തോട്, പാപ്പാറകടവ് തോട്, താമരച്ചാല്‍ വലിയ തോട്, കോച്ചേരിത്താഴം തോട്, മനക്കതോട്, മോറക്കാല ത്താഴം തോട്, കാണിനാട് പനമ്പേലി തോട്, പള്ളിക്കര തോട് എന്നിവയെല്ലാം പതിറ്റാണ്ടുകല്ക്ക് മുമ്പ് ജലഗതാഗതത്തിന് ഉപയോഗിച്ച ആഴവും വിതിയുമുള്ള തോടുകളായിരുന്നു.
തോടുകളുടെ ഇരുവശങ്ങളിലുമുള്ള കയ്യേറ്റം തോടുകളുടെ വിസ്തീര്‍ണ്ണം പകുതിയാക്കി. വൻകിട പദ്ധതികൾ മുന്നിൽ കണ്ട് കടമ്പ്രയാറിന്റെയും കൈവഴികളുടെയും പരിസര പ്രദേശങ്ങളിലെ ഏക്കർ കണക്കിന് പാടശേഖരങ്ങൾ വൻകിടക്കാർ കൈയടക്കുന്ന അവസ്ഥയാണ്. ഇതിനകം ഏക്കർ കണക്കിന് പാടശേഖരം നികത്തി.
കടമ്പ്രയാർ ടൂറിസം പദ്ധതി, കടമ്പ്രയാറിന് കുറുകെ നിർമ്മിക്കുമെന്ന് പറയുന്ന കാക്കനാട് – തങ്കളം റോഡ്, കടമ്പ്രയാറിന്റെ ഇരുകരകളിലുമുള്ള ഇൻഫോപാർക്കിന്റെ വികസനം, സ്മാർട്ട് സിറ്റി നിർമ്മാണം ഇതെല്ലാമാണ് കോർപറേറ്റുകൾ കണ്ണ് വെക്കുന്നത്. ഏക്കർ കണക്കിന് പാടശേഖരങ്ങൾ ആരുടേതാണന്ന് പരിസരവാസികൾക്ക് പോലും അറിയാനാവാത്ത അവസ്ഥയാണ്. ഇരുകരകളിലും കൈയ്യേറ്റവും വ്യാപകമാണ്.
(അവസാനിച്ചു)