തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി സ്ഥാപന ഉടമയെ മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണമാലയും കവർന്നു. തൃപ്പൂണിത്തുറ പഴയ ബസ്സ്റ്റാൻഡിൽ മിനിസിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ. സുകുമാരമേനോനെയാണ് (75) പർദ ധരിച്ചയാൾ ആക്രമിച്ച് സ്വർണമാലയും ലോക്കറ്റും ഉൾപ്പെടെ മൂന്ന് പവനും 10,000 രൂപയും തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
ദിവസവും രാവിലെ പത്തിന് ജീവനക്കാർ വരുന്നതിന് മുമ്പ് സുകുമാരമേനോനാണ് സ്ഥാപനം തുറക്കുന്നത്. രാവിലെ 9.20ന് സ്ഥാപനം തുറന്ന് ഇരിക്കുമ്പോൾ പർദ ധരിച്ചെത്തിയയാൾ സുകുമാരമേനോന്റെ മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതം ഒഴിച്ച് മർദിച്ചശേഷം പണവും സ്വർണവുമായി കടന്നുകളഞ്ഞു.
സംഭവത്തിനുശേഷം റോഡിലേക്കിറങ്ങിയ സുകുമാരമേനോനെക്കണ്ട് പരിചയക്കാരൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സുകുമാരമേനോന്റെ മുഖത്തും കൈമുട്ടിലും പരിക്കേറ്റിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നടത്തി. പർദ ധരിച്ചയാളുടെ മുഖാവരണം വലിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ അക്രമി മുഖത്തിടിക്കുകയും നിലത്തുവീഴ്ത്തി കസേരകൊണ്ട് കഴുത്തിൽ അമർത്തുകയും ചെയ്തു.
പൊലീസിനെ വിവരം അറിയിച്ചാൽ നിന്റെ ഭാര്യയുടെ താലി ഞാൻ അറക്കുമെന്ന് അക്രമി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹിൽപാലസ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ ബാബു, എസ്.ഐ ടോൾസൺ ജോസഫ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുകയാണ്.