അങ്കമാലി: കാറുകളിൽ കഞ്ചാവ് കടത്തുന്നതിനിടെ ദേശീയപാത കറുകുറ്റിയിൽ പൊലീസ് പിടിയിലായ ഒന്നാം പ്രതിക്ക് 36 വർഷം വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും വിധിച്ചു.
മറ്റ് ഏഴ് പ്രതികൾക്കും കഠിനതടവും പിഴയുമുണ്ട്. എറണാകുളം അഡീഷനൽ സെഷൻസ് ആൻഡ് ജില്ല കോടതിയുടേതാണ് വിധി. ഒന്നാംപ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ വീട്ടിൽ അനസിനാണ് (41) ശിക്ഷ വിധിച്ചത്. രണ്ടുംമൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ (22) എന്നിവർക്ക് 12 വർഷം തടവും ഒരുലക്ഷവുമാണ് പിഴ.
കേസിൽ ഉൾപ്പെട്ട ആലപ്പുഴ കൊട്ടകാട്ടുശ്ശേരി മുനീർ മൻസിലിൽ മുനീർ (30), അടൂർ വടക്കേടത്തുകാവ് ഷമീർ മൻസിലിൽ ഷമീർ (31), വെങ്ങോല കണ്ടന്തറ പുളിക്കക്കുടി അബൂതാഹിർ (സവാള-31), ആന്ധ്രപ്രദേശ് ഹുക്കുംപേട്ട സ്വദേശി ബലോർദ ബോഞ്ചു ബാബു (34), പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെന്താരയിൽ മുഹമ്മദ് ഫാറൂക്ക് (25) എന്നിവരെ 12 വർഷം തടവിനും ശിക്ഷിച്ചു.
ദേശീയപാത കറുകുറ്റിയിൽ രണ്ടുവർഷം മുമ്പ് രണ്ട് കാറിലായി 225 കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് എട്ട് പ്രതികളെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല റൂറൽ എസ്.പിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരുവാഹനങ്ങളെയും സാഹസികമായി പിന്തുടർന്ന് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
ഒരുകാറിൽ 25 കിലോയും മറ്റൊരു കാറിൽ 100 പൊതികളിലായി 200 കിലോയും കഞ്ചാവാണുണ്ടായിരുന്നത്. ഡിവൈ.എസ്.പിമാരായ സക്കറിയ മാത്യു, പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.