മൂവാറ്റുപുഴ: ആർ.സി ബുക്ക് അടക്കം രേഖകളില്ലാത്ത ഇരുചക്ര വാഹനങ്ങൾ നഗരത്തിൽ വ്യാപകമാകുന്നു. അന്തർസംസ്ഥാന തൊഴിലാളികളാണ് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഈ വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഗതാഗത നിയമങ്ങളൊന്നും പാലിക്കാതെ അമിതവേഗതയിൽ പായുന്ന ഈ വാഹനങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങളും വ്യാപകമാകുകയാണ്. ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസോ മറ്റു നഷ്ടപരിഹാരമോ കിട്ടാനുള്ള മാർഗമില്ല. സ്വന്തം നിലക്ക് ചികിത്സിക്കേണ്ട അവസ്ഥയാണ്.
ഇൻഷുറൻസ് ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത വാഹന ഉടമക്കാണ്. എന്നാൽ, ഒരു പേപ്പറും ഇല്ലാത്ത വാഹനങ്ങളായതിനാൽ ആര് നഷ്ടപരിഹാരം നൽകും എന്നതും പ്രശ്നമാണ്. മൂവാറ്റുപുഴ നഗരത്തിലും പായിപ്ര പഞ്ചായത്തിലുമായി ആയിരക്കണക്കിന് അന്തർസംസ്ഥാന തൊഴിലാളികളാണുള്ളത്.
ഇതിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. മിക്കവർക്കും ഇത്തരത്തിലുള്ള ഇരുചക്രവാഹനങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം പായിപ്ര കവലയിൽ പുതിയതും പഴയതുമായ നിരവധി വാഹനങ്ങൾ ഇവർ ഓടിക്കുന്നത് കണ്ടതോടെ ചിലർ വാഹൻ വെബ്സൈറ്റിൽ നടത്തിയ പരിശോധനയിൽ ഭൂരിഭാഗം വാഹനങ്ങൾക്കും പേപ്പറുകളൊന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. വാഹനങ്ങൾ പിടിച്ചെടുത്താൽ സൂക്ഷിക്കാൻ സൗകര്യമില്ലെന്ന നിലപാടിലാണത്രേ ഉദ്യോഗസ്ഥർ. അപകടം വർധിക്കുന്ന സാഹചര്യത്തിൽ രേഖകളില്ലാത്ത വാഹനങ്ങൾ അന്തർസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
+ There are no comments
Add yours