മൂവാറ്റുപുഴ: അപകടം തുടർക്കഥയായതോടെ തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്. പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലയില്‍ എം.സി റോഡിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്ക് മറ്റ് ജില്ലകളില്‍നിന്ന് തടി കയറ്റിവരുന്ന വാഹനങ്ങള്‍ക്കാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ മാർഗനിർദേശം നൽകിയത്.
അമിത ഭാരവും അപകടകരമായ വിധത്തില്‍ ലോറിക്ക് പുറത്തേക്ക് തടികള്‍ തള്ളിനില്ക്കുന്നതും ഒഴിവാക്കണം. വാഹനത്തില്‍ ലോഡ് കയറ്റുമ്പോള്‍ പരിചയസമ്പത്തുള്ളവരെക്കൊണ്ട് ബലമുള്ള കയറുകളാല്‍ ബന്ധിച്ച് സുരക്ഷിതമാക്കണം.
കയറുകള്‍ വാഹനത്തിന്റെ അരികുകളില്‍ ഉരഞ്ഞ് പൊട്ടുന്നത് ഒഴിവാക്കാന്‍ ഇടക്കിടെ വാഹനം നിര്‍ത്തി പരിശോധിക്കണം. തടി കയറ്റിവരുന്ന വാഹനങ്ങള്‍ റോഡില്‍ വലിയ തിരക്കുള്ള സമയം ഒഴിവാക്കണം. ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുപോലെ ഈ വാഹനങ്ങള്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്താം. വാഹനത്തിന്റെ കാബിന് ലെവലിന് മുകളിലേക്കും വശങ്ങളിലേക്കും തടി തള്ളിനില്‍ക്കുന്നത് ഒഴിവാക്കണം. വാഹനങ്ങളുടെ വശങ്ങളില് മുന്നറിയിപ്പ് ലൈറ്റുകളും റിഫ്ലക്ടിവ് സ്റ്റിക്കറുകളും സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തണം.
വിവിധ പഞ്ചായത്തുകളില്‍നിന്ന് തടി കയറ്റിവരുന്ന വാഹനങ്ങള്‍മൂലം പഞ്ചായത്ത് റോഡ് തകരുകയും വൈദ്യുതി കമ്പികള്‍ പൊട്ടുകയും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതായി പരാതികളുണ്ട്. ഭാരവാഹനങ്ങള്‍ ചെറിയ റോഡുകള്‍ ഒഴിവാക്കി സഞ്ചരിക്കണം. ഡ്രൈവര്‍ക്ക് സഹായിയെ ഉറപ്പാക്കണം.
പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ വാഹനങ്ങളില്‍ നിയോഗിക്കേണ്ടതും ഇവർ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. അമിതഭാരം കയറ്റുന്നത് ഒഴിവാക്കുന്നതിലൂടെ വാഹനത്തിന്റെയും റോഡുകളുടെയും സുരക്ഷയും നിലനിൽപും ഉറപ്പാക്കാമെന്നും ആർ.ടി.ഒ അറിയിച്ചു.