മൂവാറ്റുപുഴ: ശബരിമല സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മൂവാറ്റുപുഴ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നില്ല. ശബരിമല തീർഥാടനം തുടങ്ങും മുമ്പ് ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും കുഴി അടയ്ക്കൽ നടന്നില്ല.
മൂന്നു സംസ്ഥാന പാതകളും ദേശീയപാതയും കടന്നു പോകുന്ന നഗരത്തിൽ ഇതെല്ലാം തകർന്നു കിടക്കുകയാണ്. റോഡുകളിലെ വൻ ഗർത്തങ്ങൾ മൂലം അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായ നഗരത്തിൽ ശബരിമല സീസൺ കൂടി ആരംഭിക്കുന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്ന അവസ്ഥയാണ്.
നഗര ഹൃദയത്തിലൂടെ കടന്നു പോകുന്ന എം.സി റോഡിൽ റോഡ് വികസനം നടക്കുകയാണ്. ഇതുമൂലം തകർന്ന റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ട് രണ്ട് വർഷമായി. പി.ഒ ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം വരെ രണ്ട് കിലോമീറ്റർ റോഡ് പൂർണമായും തകർന്നു.
ഇതോടെ നഗരത്തിലൂടെയുള്ള യാത്ര ദുസ്സഹമാണ്. നഗരറോഡ് വികസനം ഇഴഞ്ഞാണ് നീങ്ങുന്നത്. രണ്ട് കിലോമീറ്റർ ദൂരം വരുന്ന നഗര ഭാഗം കടക്കാൻ അര മണിക്കൂറാണ് നിലവിൽ വേണ്ടത്. പ്രധാന കാരണം കുഴികളാണ്. രാത്രി കുഴികളിൽ വീണ് അപകടത്തിൽ പെടുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിനു പുറമേ നഗരത്തിലെ കിഴക്കേക്കര ആശ്രമം റോഡും തകർന്നു.
തൊടുപുഴ റോഡിലെ ആശ്രമം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കര റേഷൻ കട പടിയിൽ വെച്ച് മൂവാറ്റുപുഴ – തേനി റോഡുമായി സന്ധിക്കുന്ന ഒന്നേകാൽ കിലോമീറ്റർ ദൂരം തകർന്നിട്ട് നാളുകളായി. ജലജീവൻ പദ്ധതിയുടെ പൈപ്പ് ഇടൽ കൂടി ആരംഭിച്ച തോടെ റോഡ് പൂർണമായി തകർന്ന നിലയിലാണ്.
കത്ത് നൽകിയിട്ടും നടപടിയില്ല
മൂവാറ്റുപുഴ: നഗര റോഡുകളുടെ കുഴി അടച്ച് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പൊലീസ് അധികൃതർ പൊതുമരാമത്ത്, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിട്ട് മാസം ഒന്ന് പിന്നിട്ടു. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിലെ റോഡുകളിലെ കുഴികൾ ശബരിമല സീസൺ ആരംഭിക്കും മുമ്പെ അടച്ച് ഗതാഗതം സുഗമമാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എന്നാൽ വ്യാഴാഴ്ച സീസൺ തുടങ്ങാനിരിക്കെ ഇതുമായി ബന്ധപ്പെട്ട നടപടികൾക്കും തുടക്കമായിട്ടില്ല. പരാതികൾക്ക് ഒടുവിൽ മൂന്നു മാസം മുമ്പ് നഗരത്തിൽ അധികൃതർ കുഴി അടക്കൽ മാമാങ്കം നടത്തിയിരുന്നെങ്കിലും മൂന്നു ദിവസം കൊണ്ട് പൂർണമായി തകർന്നു. തിരക്കേറിയ അരമനപടിയിലാണ് കൂടുതൽ കുഴികൾ രൂപപ്പെട്ടത്.